വടകര: പൊലീസ് സ്റ്റേഷനില്‍വെച്ച് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ വടകര സി.ഐക്കും റിട്ട. എ.എസ്.ഐക്കും തടവുശിക്ഷ. വടകര സി.ഐ മുയിപ്പോത്ത് പഴമഠത്തില്‍ പി.എം. മനോജ് (47), എ.എസ്.ഐയായിരുന്ന വയനാട് വൈത്തിരി ചെമ്മാടുതൊടി മുഹമ്മദ് (59) എന്നിവരെയാണ് വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഡി. ശ്രീജ രണ്ടു വകുപ്പുകളിലായി ഒരു മാസവും ഏഴു ദിവസവും തടവുശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.
മന്തരത്തൂര്‍ മുടപ്പിലാവില്‍ കോണിച്ചേരി രഞ്ജിത്ത് നല്‍കിയ സ്വകാര്യ അന്യായത്തില്‍ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. 2012 മാര്‍ച്ച് 25നായിരുന്നു കേസിനാസ്പദമായ സംഭവം. രഞ്ജിത്തിെൻറ സഹോദരന്‍ ഷാജി പൊതുസ്ഥലത്ത് കിണര്‍ നിർമിച്ചെന്ന പരാതിയില്‍ വടകര സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞു. എന്നാൽ, ഷാജിക്കു പോകാന്‍ സാധിക്കാത്തതിനാൽ കാര്യങ്ങള്‍ അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയ രഞ്ജിത്തിനെ അന്നത്തെ എസ്.ഐയായിരുന്ന പി.എം. മനോജും എ.എസ്.ഐ മുഹമ്മദും ചേർന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് കേസ്.
ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് പൊലീസ് നല്‍കിയ പരാതിയില്‍ രഞ്ജിത്തിനെ കോടതി കുറ്റക്കാരനല്ലെന്നു കണ്ട് വെറുതെവിട്ടിരുന്നു. കിണര്‍ നിർമാണവുമായി ബന്ധപ്പെട്ട് ആര്‍.ഡി.ഒ കോടതിയില്‍ ഉണ്ടായിരുന്ന സിവില്‍ കേസിൽ നേരേത്ത ഇവര്‍ക്ക് അനുകൂലമായി വിധി ഉണ്ടായിരുന്നു.