മംഗളൂരു ∙ നഗരത്തിൽ രണ്ടിടത്തായി കഞ്ചാവു വിൽപന നടത്തിയ 4 പേർ പിടിയിൽ. കാസർകോട് മഞ്ചേശ്വരം ദുർഗപള്ള പിരാറമൂല മനയിൽ മുഹമ്മദ് ഷാഫിഖ് (29), മംഗളൂരു ദർലക്കട്ട നാട്ടേക്കൽ സർക്കിളിനടുത്ത ഫാത്തിമ ബിൽഡിങിൽ മുഹമ്മദ് ഹനീഫ് (32), മൈസൂരു ജയപുരക്കടുത്ത ബീരിഹുണ്ടി കെർഗള്ളി സ്വദേശികളായ ശിവകുമാർ (ശിവ-26), എസ്. കുമാർ (23) എന്നിവരാണു പിടിയിലായത്.
മംഗളൂരു നെഹ്‌റു മൈതാൻ പരിസരത്തു വിദ്യാർഥികൾക്കു കഞ്ചാവ് കൈമാറുന്നതിനിടെയാണു മുഹമ്മദ് ഷാഫിഖും മുഹമ്മദ് ഹനീഫും പിടിയിലായത്. 21000 രൂപ വില കണക്കാക്കുന്ന 525 ഗ്രാം കഞ്ചാവ്, 2 മൊബൈൽ ഫോണുകൾ, 2000 രൂപ എന്നിവ ഇവരിൽ നിന്നു പിടിച്ചെടുത്തു. സിറ്റി ക്രൈംബ്രാഞ്ചും മംഗളൂരു സൗത്ത് പൊലീസും ചേർന്നു നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്.
മുഹമ്മദ് ഹനീഫിനെതിരെ മംഗളൂരു സിറ്റി നോർത്ത്, സൗത്ത്, കൊണാജെ സ്‌റ്റേഷനുകളിൽ ലഹരി സംബന്ധമായ കേസുകൾ നിലവിലുണ്ട്. ബജാൽ ക്രോസിൽ വിദ്യാർഥികൾക്കും നാട്ടുകാർക്കും കഞ്ചാവു നൽകുന്നതിനിടെയാണു ശിവകുമാറും കുമാറും പിടിയിലായത്. ഇവരിൽ നിന്നും ഒട്ടേറെ പൊതികളിലാക്കിയ നിലയിൽ കഞ്ചാവു പിടിച്ചെടുത്തു. കങ്കനാടി പൊലീസും ഗുണ്ടാ വിരുദ്ധ സ്‌ക്വാഡും ചേർന്നു നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.