കാസർകോട് വൈപളിക സ്വദേശിനിയെ കൊലപ്പെടുത്തിയ കേസ്, പ്രതി മോഹനന് വധശിക്ഷ


മംഗളൂരു ∙ സയനൈഡ് മോഹൻ എന്നറിയപ്പെടുന്ന മോഹൻ കുമാറിന് അഞ്ചാമത്തെ കേസിലും വധശിക്ഷ. മലയാളി യുവതിയെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിലാണ് ബണ്ട്വാൾ കന്യാനയിലെ മുൻ കായികാധ്യാപകൻ മോഹൻ കുമാറിന് (56)  മംഗളൂരു കോടതി വധശിക്ഷ വിധിച്ചത്. കാസർകോട് പൈവളിഗെ കയ്യാറിലെ സാവിത്രി (25) കൊല്ലപ്പെട്ട കേസിലാണ് വിധി. വധശിക്ഷയും 30 വർഷം കഠിന തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ.

വധശിക്ഷ ഹൈക്കോടതി അംഗീകരിക്കുന്ന പക്ഷം മറ്റെല്ലാ ശിക്ഷകളും ഇതിൽ ലയിച്ചതായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.മോഹൻ കുമാറിനെതിരെ വിധിക്കുന്ന അഞ്ചാമത്തെ വധശിക്ഷയാണിത്. മൊത്തം 20 യുവതികളെ കൊലപ്പെടുത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്. ഇതിൽ 2 എണ്ണത്തിൽ വിചാരണ നടക്കുകയാണ്. 13 കേസുകളിൽ ജീവപര്യന്തം തടവു ശിക്ഷ നിലവിലുണ്ട്.

2009ലാണു സാവിത്രിയെ കൊലപ്പെടുത്തിയത്. കുമ്പള ബസ് സ്റ്റാൻഡിൽ വച്ചു പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി അടുപ്പത്തിലാക്കി. തുടർന്നു കുശാൽ നഗറിലെ ഒരു ലോഡ്ജിൽ എത്തിച്ചു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. പിറ്റേന്നു രാവിലെ ആഭരണങ്ങൾ അഴിച്ചു വാങ്ങിക്കുകയും ഗർഭിണിയാകാതിരിക്കാനുള്ള മരുന്നെന്നു പറഞ്ഞു സയനൈഡ് ഗുളിക നൽകുകയുമായിരുന്നു.
ഛർദിക്കാൻ സാധ്യത ഉള്ളതിനാൽ മാറി നിന്നു കഴിക്കാൻ നിർദേശിച്ചു. തുടർന്നു ശുചിമുറിയിൽ കയറി ഗുളിക കഴിച്ച യുവതി തൽക്ഷണം വീണു മരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ മുറിയിലെത്തിയ മോഹൻ കുമാർ ആഭരണങ്ങളും എടുത്ത് നാട്ടിലേക്കു മടങ്ങി.  2009 സെപ്റ്റംബറിൽ മറ്റൊരു കേസിൽ മോഹൻ കുമാർ പിടിയിലായതോടെയാണ് കൊലപാതക പരമ്പരകളുടെ ചുരുളഴിഞ്ഞത്.
أحدث أقدم
Kasaragod Today
Kasaragod Today