കാസർകോട്:പൗരത്വനിയമ ഭേദഗതിക്കെതിരേ കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി 27-ന് പ്രതിഷേധറാലിയും സംഗമവും സംഘടിപ്പിക്കും. കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിഷേധറാലിയും സംഗമവും കാസർകോടിന്റെ പൊതുവായ പ്രതിഷേധമാക്കാൻ സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.
വെള്ളിയാഴ്ച മൂന്നുമണിക്ക് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാരംഭിക്കുന്ന റാലി എം.ജി. റോഡ്, താലൂക്ക് ഓഫീസ്-എയർലൈൻസ് ജങ്‌ഷൻ-കെ.പി.ആർ. റോഡുവഴി പുലിക്കുന്നിൽ സമാപിക്കും. മുനിസിപ്പൽ സന്ധ്യാരാഗം ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമത്തിൽ മത-രാഷ്ട്രീയ-സാമൂഹിക സംഘടനകളിലെ നേതാക്കൾ സംബന്ധിക്കും.
യോഗത്തിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. അധ്യക്ഷതവഹിച്ചു.
ജനറൽ സെക്രട്ടറി ടി.ഇ.അബ്ദുല്ല, ട്രഷറർ എൻ.എ.അബൂബക്കർ ഹാജി, കെ.എസ്.മുഹമ്മദ് കുഞ്ഞി ഹാജി, കെ.ബി.മുഹമ്മദ് കുഞ്ഞി, മൊയ്തീൻ കൊല്ലമ്പാടി, അബ്ദുൽകരിം കോളിയാട്, ഹാരിസ് ദാരിമി ദേലമ്പാടി, ഹാജി പൂന അബ്ദുൽറഹ്‌മാൻ എന്നിവർ സംബന്ധിച്ചു.