പെരുമ്പാവൂർ ∙ ഓസ്ട്രേലിയയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചു മറിഞ്ഞ് തീപിടിച്ച് തുരുത്തിപ്ലി സ്വദേശികളായ നവദമ്പതികൾ മരിച്ചു. തുരുത്തിപ്ലി തോമ്പ്ര ടി.എ.മത്തായിയുടെയും വൽസയുടെയും മകൻ ആൽബിൻ ടി.മാത്യു (30), ഭാര്യ നിനു ആൽബിൻ (28) എന്നിവരാണ് മരിച്ചത്. ഓസ്ട്രേലിയൻ സമയം ഇന്നലെ ഉച്ചയ്ക്ക് 12.45ന് (ഇന്ത്യൻ സമയം രാവിലെ ഏഴിന്) ന്യൂ സൗത്ത് വെയിൽസിലെ ഡബ്ലോയ്ക്കടുത്തായിരുന്നു അപകടം. റോഡിൽ നിന്നു മറിഞ്ഞ് കത്തിയ നിലയിലായിരുന്നു കാറെന്ന് ഒറാന മിഡ്–വെസ്റ്റേൻ ജില്ലാ പൊലീസ് ബന്ധുക്കളെ അറിയിച്ചു.
ക്വീൻസ്‌ലൻഡിൽ നിന്ന് ഡബ്ലോയിലേക്കുള്ള ന്യൂവൽ ഹൈവേയിലാണ് അപകടമുണ്ടായത്. ഈ അപകടത്തെത്തുടർന്നു പുറകെ വന്ന 7 വാഹനങ്ങൾ കൂട്ടിയിടിച്ചു. 10 പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസെത്തി തീയണച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹം തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു. പുതിയതായി വാട കയ്ക്കെടുത്ത വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ കാറിൽ പോകുമ്പോഴായിരുന്നു അപകടമെന്നു ബന്ധുക്കൾ പറഞ്ഞു.