ന്യൂയോര്‍ക്ക്: സ്വന്തം രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്ത് കുടിയേറിയ ഇന്ത്യക്കാരായ അമേരിക്കന്‍ പ്രവാസികള്‍ യുഎസില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പ്രകടനം നടത്തി പരിഹാസ്യരാകുന്നു. നൂറുകണക്കിന് ഇന്ത്യക്കാരാണ് അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ത്യയില്‍ നടപ്പാക്കുന്ന പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് പ്രകടനം നടത്തിയത്.
ഓസ്റ്റിന്‍, നോര്‍ത്ത് കരോലിനയിലെ റാലെയ്ഗ്, വാഷിങ്ടണിലെ സിയാറ്റില്‍ എന്നിവിടങ്ങളിലാണ് ഇന്ത്യക്കാര്‍ പ്രകടനങ്ങള്‍ നടത്തിയത്. ചൊവ്വാഴ്ച നടന്ന പ്രകടനങ്ങളുടെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്തുവിട്ടത്.
സിഎഎയേയും എന്‍ആര്‍സിയേയും അനുകൂലിക്കുന്ന ബാനറുകളും പ്ലക്കാര്‍ഡുകളും കൈകളിലേന്തി റാലി നടത്തിയൊക്കെയാണ് അമേരിക്കയില്‍ ഇന്ത്യക്കാരുടെ പ്രകടനങ്ങള്‍.
ജോലിക്കായും സ്ഥിരതാമസത്തിനായും അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍ പൗരന്മാരുടെ ഈ പ്രകടനത്തിന് എതിരായി സോഷ്യല്‍മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നിങ്ങളുടെ അമേരിക്കന്‍ പൗരത്വത്തിനുള്ള അപേക്ഷയുടെ കാര്യം എന്തായെന്നും എച്ച് 1 ബി വിസ പുതുക്കി നല്‍കില്ലെന്ന് അമേരിക്ക പറഞ്ഞാല്‍ തീരാവുന്നതേയുള്ളൂ ഈ ആവേശമെന്നും സോഷ്യല്‍മീഡിയ ഇവരെ ഓര്‍മ്മിപ്പിക്കുകയാണ്.
2014 ഡിസംബര്‍ 31ന് മുമ്ബ് ഇന്ത്യയിലേക്ക് ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കുടിയേറിയ മുസ്ലിങ്ങള്‍ ഒഴികെയുള്ള വ്യക്തികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനായാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ പൗരത്വ നിയമം ഭേദഗതി ചെയ്തത്. ലോക്‌സഭയിലും രാജ്യസഭയിലും ഒട്ടേറെ ഒച്ചപ്പാടുണ്ടാക്കിയെങ്കിലും പൗരത്വ ഭേദഗതി ബില്ല് പാസാക്കിയെടുക്കാന്‍ എന്‍ഡിഎ സര്‍ക്കാരിന് സാധിക്കുകയായിരുന്നു. എന്നാല്‍ ബില്ല് നിയമമായി മാറിയതോടെ നിയമത്തിനെതിരെ രാജ്യമൊട്ടാകെ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള വലിയ ജനക്കൂട്ടമാണ് നിയമത്തിനെതിരെ തെരുവില്‍ പ്രക്ഷോഭം നയിക്കുന്നത്.
യുപിയില്‍ മാത്രം സംഘര്‍ഷത്തിനിടെ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ എന്‍ഡിഎ സഖ്യകക്ഷികള്‍ പലരും നിയമത്തെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് യുഎസിലേക്ക് കുടിയേറിയ ഇന്ത്യക്കാര്‍ സിഎഎയേയും എന്‍ആര്‍സിയേയും അനുകൂലിച്ച് പ്രകടനം നടത്തിയിരിക്കുന്നത്.