പുത്തൂർ∙ ഉച്ചയുറക്കത്തിന് കിടന്ന ഭർതൃമാതാവിനെ പാറക്കല്ല് കൊണ്ട് തലയ്ക്കിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ മരുമകൾ പിടിയിൽ. പൊങ്ങൻപാറ വാർഡിൽ വെണ്ടാർ വെൽഫെയർ സ്‌കൂളിനു സമീപം ആമ്പാടിയിൽ പുത്തൻവീട്ടിൽ ചന്ദ്രശേഖരൻ പിള്ളയുടെ ഭാര്യ രമണിയമ്മ(66)യ്ക്കാണ് തലയ്ക്ക് ഗുരുതര പരുക്കേറ്റത്. മകൻ ബിമൽകുമാറിന്റെ ഭാര്യ ഗിരിത(40)യെ പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. രമണിയമ്മ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.പൊലീസ് പറയുന്നത്: മുറിക്കുള്ളിൽ കട്ടിലിൽ കിടക്കുകയായിരുന്ന രമണിയമ്മയെ വലിയ പാറക്കല്ല് കൊണ്ട് ഗിരിത തലയ്ക്ക് ഇടിച്ചു. നിലവിളി കേട്ട് പരിസരവാസികൾ ഓടികൂടി. വാതിലുകൾ അടഞ്ഞ നിലയിലായിരുന്നു.
ബന്ധുക്കൾ ഉൾപ്പെടെ അടുക്കള വാതിൽ തല്ലിത്തുറന്ന് അകത്തു കയറിയപ്പോൾ തലപൊട്ടി ചോരയിൽ കുളിച്ച നിലയിലായിരുന്നു രമണിയമ്മ. ഇടിക്കാനുപയോഗിച്ച കല്ല് ബിഗ്‌ഷോപ്പറിനുള്ളിൽ നിന്നു പൊലീസ് കണ്ടെടുത്തു. കട്ടിലിലും മെത്തയിലും തലയണയിലുമെല്ലാം രക്തം തളംകെട്ടി നിൽക്കുകയായിരുന്നു. ഗിരിതയെ പൊലീസ് ഉടൻ പിടികൂടി. ഗിരിതയ്‌ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പുത്തൂർ എസ് ഐ. ആർ.രതീഷ് കുമാർ അറിയിച്ചു.