തൃശൂർ ∙ ചോറ് വെന്തില്ല എന്നു പറഞ്ഞു പാത്രം കൊണ്ട് ഉമ്മയെ തലയ്ക്കടിച്ചു കൊന്ന മകനു ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും. വാടാനപ്പിള്ളി ഗണേശമംഗലത്ത് കലാനിലകത്തു വീട്ടിൽ യൂസഫ് കുട്ടിയുടെ ഭാര്യ ജുമൈലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ ഹക്കീമിനെ (39) ആണു ജീവപര്യന്തം കഠിനതടവിനു 4-ാം അഡീഷനൽ സെഷൻസ് ജഡ്ജി ശിക്ഷിച്ചത്.
പിഴയടയ്ക്കാത്ത പക്ഷം ഒരു വർഷം കൂടി അധികതടവ് അനുഭവിക്കേണ്ടി വരും. പിഴ അടയ്ക്കുന്ന പക്ഷം പിഴത്തുകയും നഷ്ടപരിഹാരത്തുകയും ജുമൈലയുടെ മകൾക്കു നൽകണമെന്നു വിധിന്യായത്തിൽ നിർദേശിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തുക നിശ്ചയിച്ചു നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടു നിർദേശിച്ചു.
2015 ജൂലൈ 6ന് ഉച്ചയ്ക്ക് 2 മണിക്ക് ഗണേശമംഗലത്തുള്ള വീട്ടിൽ ആണു സംഭവം. ചോറു വെന്തില്ല എന്നു പറഞ്ഞു വഴക്കിട്ട് ചോറു വിളമ്പിക്കൊണ്ടിരുന്ന വലിയ പാത്രം ജുമൈലയിൽ നിന്നു ബലമായി പിടിച്ചു വാങ്ങി തലയ്ക്കടിച്ചു തറയിൽ വീഴ്ത്തി. മുറ്റത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി വലിയ പാത്രം കൊണ്ടും സ്റ്റീൽ ഗ്ലാസ് കൊണ്ടും അടിച്ചും ഇടിച്ചും ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് കേസ്. പരുക്കിന്റെ കാഠിന്യത്താലാണു ജുമൈല മരിച്ചത്.