പ്രണയം: മകളെ കൊന്ന് കഷ്ണങ്ങളാക്കി മുറിച്ച് സ്യൂട്ട്‌കെയ്‌സിലാക്കിയതു പിതാവ്; പിടിയില്‍


താനെ ∙ ഇതരമതത്തിൽപെട്ട യുവാവിനെ പ്രണയിച്ച മകളെ അതിക്രൂരമായി െകാലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. മകളുടെ പ്രണയ ബന്ധത്തോടുള്ള എതിർപ്പിനെ തുടർന്ന് മകളെ വധിച്ച് കഷണങ്ങളാക്കി സ്യൂട്ട്കേസിലാക്കിയ പിതാവാണ് അറസ്റ്റിലായത്. മകൾ പ്രിൻസി (22) യുടെ പ്രണയ ബന്ധത്തോടുള്ള എതിർപ്പിനെ തുടർന്നാണ് കൊലപാതകമെന്ന് പ്രതി ടിറ്റ്‍വാല നിവാസി അരവിന്ദ് തിവാരി (47) പൊലീസിന് മൊഴി നൽകി. കല്യാൺ സ്റ്റേഷനു സമീപം ഓട്ടോറിക്ഷാ സ്റ്റാൻഡിൽ ഞായറാഴ്ച പുലർച്ചെയാണ് സ്യൂട്ട് കേസിൽ യുവതിയുടെ  മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. 

ട്രെയിനിൽ നിന്നിറങ്ങിയ ഒരാൾ പുലർച്ചെ അഞ്ചരയോടെ വലിയ സ്യൂട്ട് കേസുമായി ഓട്ടോറിക്ഷയിൽ കയറി. റിക്ഷയിൽ സ്യൂട്ട്കേസ് വച്ച ഉടൻ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ കാരണം തിരക്കി. മറുപടി പറയാതെ യാത്രക്കാരൻ ഇറങ്ങിയോടി. മുഖത്ത് തൂവാല കൊണ്ടു മറച്ചിരുന്നതിനാൽ ആളെ പെട്ടെന്ന് തിരിച്ചറിയാനായില്ല. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹമാണെന്നു കണ്ടെത്തിയത്. മൃതദേഹം അടുത്തുള്ള രുഗ്മിണിബായ് മുനിസിപ്പൽ ആശുപത്രിയിലേയ്ക്കു മാറ്റി.

ചുവന്ന ഷർട്ട് ധരിച്ച ഒരാൾ മുഖം തൂവാല കൊണ്ട് മറച്ച നിലയിൽ സ്യൂട്ട് കേസുമായി നീങ്ങുന്നത് സ്റ്റേഷനിലെ സിസിടിവിയിൽ കണ്ടു. ടിറ്റ്‍വാല സ്റ്റേഷനിൽ നിന്നാണ് ഇയാൾ ട്രെയിനിൽ കയറിയതെന്നും മഹാത്മാ ഫുലെ പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ പ്രകാശ് ലാണ്ടെ പറഞ്ഞിരുന്നു.

ശരീരത്തിന്റെ കീഴ് ഭാഗം മാത്രമാണ് കണ്ടെത്തിയത്. തലയും മേൽ ഭാഗവും കണ്ടെത്താൻ സമീപ മേഖലയിലെ പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് സന്ദേശം അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അന്ധേരി ലോജിസ്റ്റിക് സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ തിവാരിയെ െപാലീസ് ഓഫിസിലെത്തിയാണ് അറസ്റ്റ് ചെയ്തത്. 30 മണിക്കൂറിനുള്ളിൽ കേസ് തെളിയിച്ച ക്രൈം ബ്രാഞ്ച് സംഘത്തിനു താനെ ഡിസിപി (ക്രൈം)  പ്രത്യേക സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. 

ഭന്ദൂപിൽ ജോലി ചെയ്തിരുന്ന പ്രിൻസി ഇതരമതത്തിൽപെട്ട യുവാവിനെ പ്രണയിച്ചതുമായി ബന്ധപ്പെട്ട് വീട്ടിൽ കലഹം പതിവായിരുന്നു. ടിറ്റ്‍വാലയിൽ പ്രിൻസിക്കൊപ്പമായിരുന്നു അരവിന്ദ് തിവാരി താമസിച്ചിരുന്നത്. പ്രിൻസിയുടെ അമ്മയും മറ്റ് മൂന്ന് സഹോദരിമാരും ഉത്തർപ്രദേശിലെ ജാൻപൂരിലാണ് താമസം. തന്റെ വികാരം ഉൾക്കൊള്ളാൻ മകൾ തയാറാകാതിരുന്നതിനാലാണ് െകാലപ്പെടുത്തിയതെന്നു അരിവന്ദ് തിവാരി പൊലീസിനോട് പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today