മംഗളൂരു ∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട രണ്ടു പേർ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നവരെന്നു പൊലീസ്. പ്രഥമ വിവര റിപ്പോർട്ടിലാണ് (എഫ്ഐആർ) ഇക്കാര്യം വ്യക്തമാക്കുന്നത്. ഡിസംബർ 19നാണ് മംഗളൂരുവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം കനക്കുന്നതിനിടെ രണ്ടു പേർ പൊലീസ് വെടിയേറ്റു മരിച്ചത്. ജലീല്‍ (49), നൗഷീൻ (23) എന്നിവരാണു കൊല്ലപ്പെട്ടത്. ബന്ദറിലെ ബി.ബി.അലവി റോഡിലെ പ്രതിഷേധമാണ് വെടിവയ്പിലേക്കും രണ്ടുപേരുടെ മരണത്തിലേക്കും നയിച്ചത്.
ജലീലിനെ മൂന്നാം പ്രതിയാക്കിയും നൗഷീനെ എട്ടാം പ്രതിയാക്കിയുമാണു പൊലീസ് എഫ്ഐആർ എഴുതിയിരിക്കുന്നതെന്നു ഓൺമനോരമയ്ക്കു ലഭിച്ച രേഖകളിൽ പറയുന്നു. 77ൽ അധികം ആളുകൾ ആ സമയം പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യം വാര്‍ത്ത പുറത്തുവിടാതിരുന്ന പൊലീസ് അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നഗരത്തില്‍ പൊലീസ് വിന്യാസം ശക്തമാക്കിയശേഷം രാത്രി ഒന്‍പതു മണിയോടെയാണ് രണ്ടുപേരുടെയും മരണവിവരം പുറത്തുവിട്ടത്.
ഇരുവരുടെയും മരണവുമായി ബന്ധപ്പെട്ടു കനത്ത പ്രതിഷേധമാണ് അരങ്ങേറിയത്. ഇരുവരും പ്രക്ഷോഭവുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണെന്നാണു പുറത്തുവന്ന റിപ്പോർട്ടുകളേറെയും. പൊലീസ് മുൻകൂട്ടി തീരുമാനിച്ചു നടത്തിയ വെടിവയ്പാണെന്നും ആരോപണമുയർന്നു. ജലീലിന് പ്രക്ഷോഭവുമായി യാതൊരു ബന്ധവുമില്ലെന്നും കുട്ടികളെ സ്കൂളിൽ നിന്നു വിളിച്ചുകൊണ്ടുവരുന്ന വഴിക്കാണ് വെടിയേറ്റതെന്നുമാണ് ജലീലിന്റെ സൂഹൃത്ത് ദേശീയ മാധ്യമത്തോടു പറഞ്ഞത്. പ്രതിഷേധത്തിൽ തന്റെ മകനു യാതൊരു പങ്കുമില്ലെന്നു നൗഷീന്റെ അമ്മയും പറഞ്ഞു.
ബന്ദർ മത്സ്യബന്ധന തുറമുഖത്തെ തൊഴിലാളിയാണ് ജലീൽ. ഭാര്യ ഫൈസ ഫാത്തിമ, പത്തും പന്ത്രണ്ടും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികൾ എന്നിവർക്കൊപ്പമാണു ജലീൽ താമസിച്ചിരുന്നത്. നൗഷീൻ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പമാണു കഴിഞ്ഞിരുന്നത്. വെടിവയ്പ് ആസൂത്രിതമാണെന്നാണു വിവിധ മുസ്‌ലിം സംഘടനാ നേതാക്കൾ ആരോപിച്ചത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഹിദായത് ഫൗണ്ടേഷൻ, ഹൈലാന്റ് ഇസ്‌ലാമിക് ഫോറം, എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്‌ലാമി, മുസ്‌ലിം വെൽഫെയർ അസോസിയേഷൻ, മുസ്‌ലിം എഴുത്തുകാരുടെ അസോസിയേഷൻ, ദക്ഷിണ കന്നഡ സലഫി മൂവ്‌മെന്റ് തുടങ്ങിയവയുടെ ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ബുധനാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചതും വ്യാഴാഴ്ച രാവിലെ മുതലുള്ള നീക്കങ്ങളും പരിശോധിച്ചാൽ വെടിവയ്പിനു പൊലീസ് മുൻകൂട്ടി തീരുമാനിച്ചതാണെന്നു വ്യക്തമാകും. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കണം. അതിനു ജുഡീഷ്യൽ അന്വേഷണം ആവശ്യമാണെന്നും മുസ്‌ലിം വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് യു.എച്ച്.ഉമർ പറഞ്ഞു. കർണാടക മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ മരണപ്പെട്ടവരുടെ വീട് സന്ദർശിക്കുകയും കുടുംബത്തിനു ധനസഹായം നൽകാൻ ഡെപ്യൂട്ടി കമ്മിഷണറെ ചുമതലപ്പെടുത്തുകയും ചെയ്തു. വെടിവയ്പ്പിനെ കുറിച്ച് അന്വേഷണം വേണമെന്നും കാരണം കൃത്യമായി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
courtesy : manorama