ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് ഞാനാണ്"; കുറ്റസമ്മതം കത്തിലെഴുതി ആഭ്യന്തരമന്ത്രിക്ക് കൈമാറി യുവതി




ചണ്ടീഗഢ്: ഭര്‍ത്താവിനെ താന്‍ കൊലപ്പെടുത്തിയതാണെന്ന കുറ്റസമ്മതം കത്തിലൂടെ മന്ത്രിക്ക് കൈമാറി യുവതി. ഹരിയാണയിലെ അംബാല സ്വദേശിയായ സുനില്‍കുമാരിയാണ് താന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന കുറ്റസമ്മതം കത്തിലെഴുതി ആഭ്യന്തരമന്ത്രി അനില്‍ വിജിന് തിങ്കളാഴ്ച കൈമാറിയത്.

തന്റെ വസതിയില്‍ പൊതുജനങ്ങളില്‍നിന്ന് പരാതി സ്വീകരിച്ചു കൊണ്ടിരിക്കുകയായിരുന്നു മന്ത്രി. ഇവിടേക്ക് എത്തിയാണ് സുനില്‍കുമാരി കുറ്റസമ്മതക്കത്ത് കൈമാറിയത്. 2017 ജൂലൈ പതിനഞ്ചിനാണ് സുനില്‍കുമാരിയുടെ ഭര്‍ത്താവും ഹരിയാണാ പോലീസിലെ എ.എസ്.ഐയും ആയിരുന്ന രോഹ്താസ് സിങ് മരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടത്തില്‍ സംശയകരമായി ഒന്നും കണ്ടെത്തിയിരുന്നില്ല.


സുനില്‍ കുമാരി കത്തില്‍ പറയുന്നത് പ്രകാരം;- അമിതമായി മദ്യപിച്ചാണ് രോഹ്താസ് സിങ് അന്ന് വീട്ടിലെത്തിയത്. വന്നയുടനെ തന്നെ അസഭ്യം പറയാന്‍ ആരംഭിച്ചു. ഇതിനിടെ നിലത്തേക്ക് വീണു. വീണതിനു പിന്നാലെ രോഹ്താസ് സിങ് ഛര്‍ദിക്കാനാഞ്ഞു. തുടര്‍ന്ന് രോഹ്താസ് സിങ്ങിനെ സുനില്‍കുമാരി തുണിയുപയോഗിച്ച്‌ ശ്വാസം മുട്ടിക്കുകയായിരുന്നുവെന്ന് അംബാല എസ്.പി. അഭിഷേക് ജോര്‍വാള്‍ പറഞ്ഞു.

കുറ്റസമ്മതക്കത്ത് കൈമാറിയതിനു പിന്നാലെ, താന്‍ ചെയ്ത കുറ്റത്തിന് തന്നെ തൂക്കിക്കൊല്ലണമെന്ന് അവര്‍ ആവശ്യപ്പെട്ടതായി മന്ത്രി അനില്‍ വിജ് പറഞ്ഞു. സുനില്‍കുമാരിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് വനിതാ പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറിയതായും എസ്.പി. ജോര്‍വാള്‍ പറഞ്ഞു.
أحدث أقدم
Kasaragod Today
Kasaragod Today