വിശപ്പ് അകറ്റാൻ മാലിന്യം നിറഞ്ഞ മണ്ണ് തിന്നുന്ന കുഞ്ഞുങ്ങൾ, കൂടാതെ അച്ഛന്റെ ക്രൂരമർദ്ദനങ്ങളും, ഓരോ മലയാളിയുടെയും നെഞ്ച് പിളർത്തുന്ന കാഴ്ചകൾ,


തിരുവനന്തപുരം : കേരളത്തിലെ ഓരോ മനുഷ്യരുടേയും നെഞ്ച് പിളര്‍ത്തുന്ന സംഭവം, വിശപ്പ് അകറ്റാന്‍ മാലിന്യം നിറഞ്ഞ മണ്ണ് കുഴച്ച്‌ തിന്നുന്ന കുഞ്ഞുങ്ങള്‍… നിസ്സഹായാവസ്ഥയില്‍ പെറ്റമ്മ ഇതിനെല്ലാം പുറമെ കുട്ടികള്‍ക്ക് അച്ഛന്റെ ക്രൂരമര്‍ദ്ദനങ്ങളും. ഞെട്ടിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത് സെക്രട്ടറിയേറ്റിനു ഒരു കിലോമീറ്റര്‍ അകലെ റെയില്‍വേ പുറമ്ബോക്ക് കോളനിയില്‍.

പട്ടിണി കൊണ്ടു മുലപ്പാല്‍ വറ്റിയ അമ്മയുടെ മടിയില്‍ വിശന്നു നിലവിളിക്കുന്ന രണ്ടു കൈക്കുഞ്ഞുങ്ങള്‍- നിസ്സഹായയായ ആ അമ്മ തൊഴുകൈകളോടെ കെഞ്ചി നാലു മക്കളെ ശിശുക്ഷേമ സമിതിക്കു കൈമാറി. സാമൂഹിക വളര്‍ച്ചയുടെ അഭിമാനക്കണക്കുകള്‍ നിരത്തുന്ന കേരളത്തിന്റെ നെഞ്ചു പിളര്‍ക്കുന്ന കാഴ്ചയായിരുന്നുഅത

സെക്രട്ടേറിയറ്റിന് ഒരു കിലോമീറ്റര്‍ മാത്രം അകലെ, ഉപ്പിടാംമൂട് പാലത്തിനു സമീപമാണ് റെയില്‍വേ പുറമ്ബോക്ക് കോളനിയിലെ ആ കുടില്‍.

അതില്‍ മൂന്നു മാസം മുതല്‍ 7 വയസ്സു വരെയുള്ള ആറ് കുരുന്നുകള്‍. അതിനകത്തെ ദാരിദ്ര്യം മനസ്സിലാക്കിയ നാട്ടുകാരാണു സംസ്ഥാന ശിശുക്ഷേമ സമിതി ഓഫിസില്‍ അറിയിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കു സമിതി ജനറല്‍ സെക്രട്ടറി എസ്.പി.ദീപക്കും ജീവനക്കാരും അവിടെ ചെല്ലുമ്ബോള്‍ കാണുന്നത് വിശപ്പു സഹിക്കാതെ മൂത്ത ആണ്‍കുട്ടി മണ്ണുവാരി തിന്നുന്നതാണ്. താഴെയുള്ള മൂന്നു പേരും മണ്ണു തിന്നാറുണ്ടല്ലോയെന്ന് അവന്‍ നിഷ്‌കളങ്കമായി പറഞ്ഞു. ആ മണ്ണോ… അഴുക്കും മാലിന്യങ്ങളും കുഴഞ്ഞത്.

ഫ്‌ലെക്‌സ് കൊണ്ടു മേഞ്ഞ, ബോര്‍ഡുകള്‍ വച്ചു മറച്ച ഒറ്റമുറിക്കുടിലിനകത്ത് അമ്മ ശ്രീദേവിയുടെ മടിയില്‍ കിടന്നു വിശന്നു കരയുകയാണ് മൂന്നു മാസവും ഒന്നര വയസ്സുമുള്ള കുഞ്ഞുങ്ങള്‍. ആരുടെയും കണ്ണു നിറഞ്ഞുപോകുന്ന കാഴ്ച. അച്ഛനെ അന്വേഷിച്ചപ്പോള്‍ കുട്ടികള്‍ ഭയന്നുവിറച്ചു: 'അച്ഛന്‍ വന്നാല്‍ അടിക്കും, അമ്മയെയും അടിക്കും'. മരംകയറ്റ തൊഴിലാളിയാണ് കുഞ്ഞുമോന്‍. ശ്രീദേവിയുടെയും കുട്ടികളുടെ ശരീരത്തില്‍ ക്രൂരതയുടെ മര്‍ദനപ്പാടുകള്‍. സമിതി പ്രവര്‍ത്തകര്‍ അടിയന്തരമായി എല്ലാവര്‍ക്കും ഭക്ഷണമെത്തിച്ചു. നിയമനടപടി പൂര്‍ത്തിയാക്കിയ ഇന്നലെ ഉച്ചയ്ക്കു വീണ്ടും എത്തിയപ്പോള്‍ തൊഴുകൈകളോടെ ശ്രീദേവി അപേക്ഷിച്ചു: 'എന്റെ മക്കളെ ഏറ്റെടുക്കാമോ? ഭക്ഷണമെങ്കിലും കിട്ടുമല്ലോ?'

ഏഴും അഞ്ചും വയസ്സുള്ള ആണ്‍കുട്ടികളെയും നാലും രണ്ടരയും വയസ്സുള്ള പെണ്‍കുട്ടികളെയും അപ്പോള്‍ തന്നെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു കൊണ്ടുപോയി. ആണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നവരാണ്. ഭര്‍ത്താവിന്റെ മദ്യപാനവും സര്‍ക്കാരില്‍ നിന്നോ നഗരസഭയില്‍ നിന്നോ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതും എണ്ണിപ്പറഞ്ഞു ശ്രീദേവി പൊട്ടിക്കരഞ്ഞു. ലൈഫ് പദ്ധതിയുടെ തണല്‍ പോലുമില്ല ഈ കുടുംബത്തിന്. ഭര്‍ത്താവിന്റെ ക്രൂരത നിയന്ത്രിക്കാനും സംവിധാനമില്ല.

സംഭവം കേരളമാകെ ചര്‍ച്ചയായതോടെ മേയര്‍ കെ.ശ്രീകുമാര്‍ സ്ഥലത്തെത്തി. ശ്രീദേവിക്ക് ഇന്നു തന്നെ കോര്‍പറേഷനില്‍ താല്‍ക്കാലിക ജോലി നല്‍കുമെന്ന് ഉറപ്പു നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വി.എം.സുധീരനും ഇവിടം സന്ദര്‍ശിച്ചു. ഇളയ കുഞ്ഞുങ്ങള്‍ക്കൊപ്പം ശ്രീദേവിയെ രാത്രിയോടെ പൂജപ്പുര മഹിളാ മന്ദിരത്തിലേക്കും മാറ്റി. ശ്രീദേവിയുടെ മക്കളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
أحدث أقدم
Kasaragod Today
Kasaragod Today