മുള്ളേരിയ ∙ പട്ടാപ്പകൽ ബൈക്ക് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കുഡ്‌ലു മന്നിപ്പാടിയിലെ ഭരത് രാജിനെയാണ് (20) ആദൂർ സിഐ കെ. പ്രേംസദനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 8ന് ഉച്ചയ്ക്ക് 3ന് നെട്ടണിഗെയിലെ അബ്ദുൽ കരീമിന്റെ ബൈക്കാണ് ഭരത് രാജും മറ്റു രണ്ടുപേരും ചേർന്നു കവർന്നത്. ബൈക്ക് റോഡരികിൽ നിർത്തിട് ബന്ധു വീട്ടിലേക്ക് പോയതായിരുന്നു അബ്ദുൽ കരീം. താക്കോൽ ബൈക്കിൽ നിന്ന് എടുത്തിരുന്നില്ല.
തിരിച്ചു വരുമ്പോഴേക്കും ബൈക്ക് നഷ്ടപ്പെട്ടിരുന്നു. കാസർകോട് നിന്നു ബൈക്കിൽ 3 പേരായാണ് പ്രതികൾ എത്തിയത്. തിരിച്ച് 2 ബൈക്കിൽ ഇവർ പോകുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ബദിയടുക്കയിൽ നമ്പർ പ്ലെയ്റ്റ് മാറ്റുന്നതിനിടയിൽ ബൈക്കും പിടിച്ചെടുത്തു. മറ്റു രണ്ടു പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. സിപിഒമാരായ പ്രമോദ് കൂക്കൾ, ഗോകുൽ, നാരായണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.