മദ്യപിച്ച് വാഹനമോടിച്ച സ്‌കൂള്‍ ബസ് ഡ്രൈവറും, സ്വകാര്യ ബസ് ഡ്രൈവറുമടക്കം മൂന്നുപേരെ പോലീസ് പരിശോധനയില്‍ കുടുക്കി. തൊടുപുഴ ട്രാഫിക് സി.ഐ. ഇസ്മയിലിന്റെ നേതൃത്വത്തില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, തൊടുപുഴ ടൗണ്‍ ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. 36 സ്വകാര്യ ബസുകളും, 15 കെ.എസ്.ആര്‍.ടി.സി. ബസും, 17 സ്‌കൂള്‍ ബസുകളും മറ്റ് എട്ട് വാഹനങ്ങളും പരിശോധിച്ചു. ഇതില്‍ നഗരത്തിലെ സ്‌കൂളിലെ ബസിന്റെ ഡ്രൈവര്‍ മദ്യപിച്ചതായി തെളിഞ്ഞു. ഇതിനു ശേഷം നടത്തിയ പരിശോധനയില്‍ തൊടുപുഴ-വണ്ണപ്പുറം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന്റെ ഡ്രൈവറെയും പിടികൂടി. തുടര്‍ന്ന് ഒരു ഗുഡ്‌സ് ഓട്ടോ ഡ്രൈവറും മദ്യപിച്ചതായി തെളിഞ്ഞു.
ഇവര്‍ക്കെതിരെ കേസെടുത്ത ട്രാഫിക് പോലീസ് ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പിന് ശുപാര്‍ശ ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
നഗരത്തില്‍ മദ്യപിച്ച് വലിയ വാഹനങ്ങളടക്കമുള്ളവ ഓടിക്കുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
ഹെല്‍മെറ്റില്ലാത്തതിനും പിഴ
ട്രാഫിക് പോലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഹെല്‍മെറ്റ് ഉപയോഗിക്കാതെ വാഹനമോടിച്ച 18 പേര്‍ക്ക് പിഴ ചുമത്തി. വരും ദിവസങ്ങളിലും ഹെല്‍മെറ്റ് പരിശോധന തുടരും. പിന്‍സീറ്റിലിരിക്കുന്ന യാത്രക്കാരും കര്‍ശനമായി ഹെല്‍മെറ്റ് ധരിക്കണമെന്നും വരും ദിവസങ്ങളില്‍ ഇത് പാലിക്കാത്തവരില്‍നിന്നു പിഴയീടാക്കുമെന്നും പോലീസ് പറഞ്ഞു.