കാസർകോട്∙ വിദേശത്ത് നിന്നു ഗോവയിലെത്തി അവിടെ നിന്നു ട്രെയിൻ വഴി കാസർകോട് എത്തിയ യുവാവിനെ ആരോഗ്യ സംഘം പരിശോധിച്ച് ആശുപത്രിയിലേക്കു മാറ്റി. കാസർകോട് നഗരത്തിനടുത്തെ 25 വയസുകാരനാണ് ഇന്നലെ പുലർച്ചെ കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയത്. പോർബന്തർ– തിരുവനന്തപുരം കൊച്ചുവേളി എക്സ്പ്രസ്(19262) ട്രെയിനിലെ എസ് 7 കോച്ചിലെ യാത്രക്കാരനായിരുന്നു യുവാവ്.
ഗോവ വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലുമായി പരിശോധിച്ചതിനു ശേഷമാണ് ട്രെയിനിൽ കയറ്റിയത്. പിന്നിട് റെയിൽവേ അധികൃതർ വിവരം നൽകിയതിനെ തുടർന്നു കാസർകോട് റെയിൽവേ സ്റ്റേഷനിലെ ആരോഗ്യവകുപ്പ് സംഘം പരിശോധിച്ച് ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എസ് 7 ലെ കംപാർട്മെന്റിലെ മുഴുവൻ യാത്രക്കാരെയും മറ്റൊരു കംപാർട്മെന്റിലേക്ക് മാറ്റിയതിനു ശേഷം അണുവിമുക്തമാക്കിയതിനു ശേഷമാണ് യാത്ര തുടർന്നത്. ഇതോടെ ട്രെയിൻ 27 മിനിറ്റ് വൈകി. എന്നാൽ, രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു.