അതിവേഗം ശിക്ഷ, 60 ദിവസത്തിനിടെ 6 ശിക്ഷാവിധികള്‍: രാജ്യത്തിന് മാതൃകയായി കാസര്‍കോട് പോക്സോകോടതി

കാസര്‍കോട്: പോക്സോ കേസുകളില്‍ രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന ശിക്ഷാ വിധികളാണ് രണ്ടു മാസത്തിനിടെ കാസര്‍കോട് പോക്സോ കോടതി പുറപ്പെടുവിച്ചത്. 60 ദിവസത്തിനിടെ 6 ശിക്ഷാവിധികള്‍ ആണ് കാസര്‍കോട് പോക്സോ കോടതി പുറപ്പെടുവിച്ചത്.

ഒന്‍പതു വയസുകാരിയെ ക്ലാസ് മുറിയില്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 2020 ജനുവരി 25 നാണ് ചുള്ളിക്കര ജിഎല്‍പി സ്കൂളിലെ അധ്യാപകന്‍ രാജന്‍ നായരെ 20 വര്‍ഷം കഠിനതടവിനും 25,000 രൂപ പിഴ അടയക്കാനും വിധിച്ചത്. ഇരയ്ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുന്ന സംസ്ഥാനത്തെ ആദ്യ വിധി കൂടിയായിരുന്നു ഇത്.

കളളാര്‍ പഞ്ചായത്തിലെ ചുള്ളിക്കര ജി.എല്‍.പി.

സ്‌കൂളില്‍ അധ്യാപകനായിരുന്ന രാജന്‍ സ്‌കൂളിലെ ഐ.ടി. സ്മാര്‍ട്ട് ക്ലാസ് മുറിയില്‍ വച്ചാണ് ഒന്‍പത് വയസ് മാത്രം പ്രായമുള്ള വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചത്. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി .ശശികുമാറാണ് ശിക്ഷ വിധിച്ചത്. 2018 ഒക്ടോബര്‍ പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. നേരത്തെയും അധ്യാപകനില്‍ നിന്നും കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്സില്‍ 2019 സിസംബര്‍ 4 നാണ് ബന്ധടുക്ക പടുപ്പില്‍ വാടക വീട്ടിലെ താമസക്കാരനായ രവീന്ദ്രന് കോടതി ജീവപര്യന്തം വിധിച്ചത്. പ്രതി 25,000 രൂപ പിഴയടക്കാനും ജഡ്ജ് പി എസ് ശശികുമാര്‍ വിധിച്ചു. പോക്സോ കേസുകളില്‍ സംസ്ഥാനത്തെ ആദ്യ ശിക്ഷാവിധി കൂടിയായിരുന്നു ഇത്.

ബീവറേജ് മദ്യവില്‍പനശാലയിലെ കാവല്‍ക്കാരനായ പ്രതിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2018 സെപ്തംബര്‍ ഒമ്ബതിന് ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു കോടതി വിധി. സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് (എസ്.എം.എസ്) ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായരാണ് കേസന്വേഷിച്ചത്. 23 രേഖകള്‍ ഹാജരാക്കുകയും 22 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു.

2020 ഫെബ്രുവരി 15നാണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ആറു പേരെ പല തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ നീര്‍ച്ചാല്‍ സ്വദേശി ബാലമുരളിക്ക് 15 വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 376 വകുപ്പ് പ്രകാരം 10 വര്‍ഷം തടവും 25,000 രൂപ പിഴയും പോക്സോ നിയമ പ്രകാരം 5 വര്‍ഷം അധിക തടവുമാണ് വിധിച്ചത്. 2012-13 അധ്യയന വര്‍ഷത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി എസ് ശശികുമാറാണ് ശിക്ഷ വിധിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി വഴി സര്‍ക്കാര്‍ സഹായം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.

കാസര്‍കോട്ടെ പോക്സോ കോടതിയില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ വിചാരണ പൂര്‍ത്തിയാക്കി 64 കേസുകളിലെ കുറ്റക്കാര്‍ക്കാണ് ശിക്ഷ വിധിച്ചത്. പോക്സോ നിയമത്തിലെ 5, 6 വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒറ്റ കേസും ഇതുവരെ ശിക്ഷിക്കാതെ പോയില്ലെന്നതാണ് പ്രോസിക്യൂഷന്റ നേട്ടം.
Previous Post Next Post
Kasaragod Today
Kasaragod Today