കാസർകോട് ബെവിഞ്ച വെടിവെപ്പിൽ രവി പൂജാരിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞതോടെ സ്വസ്ഥത നഷ്ടപ്പെട്ട് വീട്ടുകാർ, തസ്‍ലീം വധത്തിലും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നു

കാസർകോട് ∙
പൊതുമരാമത്ത് കരാറുകാരൻ ബേവിഞ്ചയിലെ എം.ടി.മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെ രണ്ടുതവണ വെടിവെപ്പുണ്ടായ സംഭവത്തിൽ അന്താരാഷ്ട്ര അധോലോക കുറ്റവാളി രവി പൂജാരി നേരിട്ട് ഉൾപ്പെട്ടിരുന്നതായി വെളിപ്പെടുത്തൽ വന്നതോടെ കേസിന്റെ സ്വഭാവം മാറി. ഇന്ത്യക്ക് അകത്തും പുറത്തുമായി നൂറുകണക്കിന് കേസുകളുണ്ട് രവി പൂജാരിയുടെ പേരിൽ.


'ഞാൻ മറക്കാനാഗ്രഹിക്കുന്ന അധ്യായമാണത്. കുടുംബവും കരാർപണികളുമായി കഴിഞ്ഞുപോകുന്ന എനിക്ക് കേസിന്റെ പിന്നാലെ പോകാൻ നേരമില്ല. താത്‌പര്യവുമില്ല' -മുഹമ്മദ് കുഞ്ഞി മാതൃഭൂമിയോട് പറഞ്ഞു. 'ആദ്യവെടിവെപ്പുകേസിലെ പ്രതികളെ പിടികൂടി സ്‌റ്റേഷനിൽ കൊണ്ടുവന്നപ്പോൾ പോലീസ് വിളിച്ചതാണ്, കാണാൻ ചെല്ലാൻ. ഞാൻ പോയില്ല' -അദ്ദേഹം പറയുന്നു.

2010 ജൂൺ 26-ന് രാത്രിയായിരുന്നു ആദ്യവെടിവെപ്പ്‌. മുഹമ്മദ് കുഞ്ഞിയുടെ അറാഫത്ത് മൻസിലിനുനേരെ ബൈക്കിലെത്തിയ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. മുഹമ്മദ് കുഞ്ഞി വീട്ടിലില്ലായിരുന്നു. ഭാര്യ മറിയുമ്മയും മകൻ അബ്ദുൾ കബീറും ഭാര്യ റിഷാദും കുട്ടിയുമായിരുന്നു വീട്ടിൽ. മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ വെടിയുണ്ട തുളച്ചുകയറി. പൂമുഖത്തെ കൈവരിയിലും കസേരയിലും വെടിയുണ്ടയുടെ ദ്വാരമുണ്ടായിരുന്നു.

ഈ കേസിൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമായ പുത്തു എന്ന അബ്ദുൾ റഷീദിനെ പിടികൂടിയെങ്കിലും മറ്റുള്ളവരെ കിട്ടാതെ പോലീസ് വലയുമ്പോഴാണ രണ്ടാമത്തെ വെടിവെപ്പുണ്ടായത്. 2013 ജൂലായ് 18-ന് പുലർച്ചെ അഞ്ചേകാലിനായിരുന്നു അത്. മുഹമ്മദ് കുഞ്ഞി ഇളയമകനൊപ്പം അടുത്തുള്ള പള്ളിയിൽ നിസ്‌കാരത്തിന് പോയതായിരുന്നു. വീടിനകത്ത് നിസ്‌കരിക്കുകയായിരുന്ന ഭാര്യ മറിയുമ്മയുടെ തലക്ക് മുകളിലൂടെയാണ് വെടിയുണ്ട ചുമരിൽ തറച്ചത്. പൂമുഖത്തോട് ചേർന്നുള്ള ഓഫീസ് മുറിയുടെ ജനൽ ചില്ല് തകർത്താണ് അകത്തെ ചുമരിൽ പതിച്ചതെന്ന് കരുതുന്നു.


ദേശീയപാതയോരത്തുള്ള വീടിന്റെ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നു. സംഭവത്തിനുശേഷം ബൈക്ക് ഓടിച്ചുപോകുന്ന ശബ്ദം വീട്ടുകാർ കേട്ടു. രണ്ട് വെടിയുണ്ടകൾ സ്ഥലത്തുനിന്ന് കണ്ടെടുക്കുകയും ചെയ്തു. ആദ്യതവണ വെടിവെപ്പുണ്ടാകുന്നതിന് മുമ്പ് പണം ആവശ്യപ്പെട്ട്‌ ഭീഷണിയുണ്ടായിരുന്നു. രണ്ടാം തവണ അതുണ്ടായില്ല. പണക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന അധോലോക രീതിയാണ് പരീക്ഷിച്ചതെന്ന് പോലീസ് സംശയിച്ചിരുന്നു.

ഊർജിതാന്വേഷണത്തിനൊടുവിൽ 2014 ഓഗസ്റ്റിൽ ചേരങ്കൈ കടപ്പുറത്തെ ബി.ഉമ്മർ, ബേക്കൽ കണ്ണംകുളത്തെ വി.അബൂബക്കർ എന്നിവരെ കൂടി പിടികൂടി.

ആദ്യം പിടിയിലായ പുത്തുവും രവി പൂജാരിയും വിദേശത്തുള്ള കലിയോഗേഷും ചേർന്ന് മുഹമ്മദ് കുഞ്ഞിയോട് 50 കോടി രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും അത് നൽകാത്തതാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നും അന്ന് പോലീസ് സൂചിപ്പിച്ചിരുന്നു. പക്ഷേ, രവി പൂജാരി നേരിട്ട് സംഭവത്തിൽ പങ്കെടുത്തുവെന്ന വിവരം പുറത്തുവരുന്നത് ഇപ്പോഴാണ്.

കൊച്ചി കടവന്ത്ര ബ്യൂട്ടി സലൂൺ വെടിവയ്പ് കേസിനു പുറമേ, കാസർകോട് ജില്ലയിലെ 2 കേസുകളിൽ കൂടി അധോലോക കുറ്റവാളി രവി പൂജാരിക്കു ബന്ധമുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചു. 2010ലെ ബേവിഞ്ച വെടിവയ്പു കേസിലും 2013 ലെ മറ്റൊരു കേസിലും രവി പൂജാരി പങ്കു വെളിപ്പെടുത്തിയതായി ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരി. പറഞ്ഞു.

ഈ മൂന്നു കേസുകളാണു രവി പൂജാരിക്കെതിരെ കേരളത്തിൽ നിലവിൽ റജിസ്റ്റർ ചെയ്യുന്നത്. രവി പൂജാരിയെ പ്രതി ചേർക്കാതെ ഈ കേസുകളിൽ ഇതിനകം കുറ്റപത്രം സമർപ്പിച്ചെങ്കിലും തുടരന്വേഷിക്കും. രവി പൂജാരിയും കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുളള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുകയാണ്.


പൂജാരിയിൽ നിന്നു സംസ്ഥാനത്തെ 2 പൊലീസ് ഉദ്യോഗസ്ഥർ പണം വാങ്ങിയെന്ന ആരോപണം നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.‌ ആരോപണം ഗൗരവത്തോടെയാണ് പൊലീസ് കാണുന്നതെന്നും തച്ചങ്കരി വ്യക്തമാക്കി. ‌കാസർകോട്ടെ ഡോൺ തസ്‌ലിമിന്റെ കൊലപാതകത്തിൽ രവി പൂജാരിക്കു പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

നേരത്തേ കാസർകോട് ജില്ലയിലെ ഒരു ഗുണ്ടാ നേതാവിനെ കൊലപ്പെടുത്താൻ രവി പൂജാരി ക്വട്ടേഷൻ നൽകിയതു തസ്‌ലിം ഉൾപ്പെട്ട സംഘത്തിനായിരുന്നുവെന്നു സൂചനകളുണ്ട്. എന്നാൽ ഈ കാര്യങ്ങളിൽ ഇതുവരെ കേരള പൊലീസിനു വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. നിലവിൽ ബെംഗളൂരു പൊലീസിന്റെ കസ്റ്റഡിയിലുള്ള രവി പൂജാരിയെ കേരള പൊലീസ് അവിടെയെത്തി ചോദ്യം ചെയ്തിരുന്നു.
أحدث أقدم
Kasaragod Today
Kasaragod Today