കാസർകോട്ട് മുഖാവരണം ഇല്ലാതെ പുറത്തിറങ്ങുന്നവർക്ക് പിഴ ശിക്ഷ നൽകണമെന്ന് നിർദ്ദേശം

കാസർകോട് ∙ കോവിഡ് 19 രോഗം വ്യാപിക്കുന്ന രാജ്യത്തെ ഹോട്ട് സ്പോട്ടുകളിൽ ഒന്നായ കാസർകോട് നഗരസഭയുടെ സെക്രട്ടറി എസ്. ബിജുവിനു മൊബൈൽ വീഡിയോ കോൾ വഴി കേന്ദ്ര ശുചിത്വ ഭാരത മിഷൻ ഹൗസിങ് ആൻഡ് അർബൻ അഫയേഴ്സ് സെക്രട്ടറി ദുർഗാ ശങ്കർ മിശ്രയുടെ സന്ദേശം.മുഖാവരണം ഇല്ലാതെ പുറത്തിറങ്ങുന്നവർക്ക‌ു പിഴയിടുക, കോവിഡ് പ്രതിരോധത്തിനു സഹായകരമാകുന്ന വിവിധ മൊബൈൽ ആപ്പുകൾ ആളുകൾക്കു നിർദേശിക്കുക, വ്യക്തി – പരിസര ശുചിത്വം ഉറപ്പുവരുത്തുക എന്നീ നിർദേശങ്ങളാണ് അദ്ദേഹം നൽകിയത്. ഇതു ശക്തമായി നടപ്പിലാക്കിയ നഗരങ്ങളുടെ ദൃശ്യങ്ങളും അദ്ദേഹം അയച്ചു.

കോവിഡ് 19 ഹോട്ട് സ്പോട്ട് നഗരങ്ങളിലെ പ്രധാന ഉദ്യോഗസ്ഥരുമായി 11 മുതൽ 1.30 വരെയായിരുന്നു കോൺഫറൻസ്. ഭക്ഷ്യസാധനങ്ങളുടെ വിതരണം, അതിഥി തൊഴിലാളികൾ – ഒറ്റപ്പെട്ടു താമസിക്കുന്ന വയോജനങ്ങൾ – സഹായം ആവശ്യമുള്ള ഇതര ജനവിഭാഗങ്ങൾ എന്നിവരുടെ താമസക്കാര്യങ്ങൾ സംബന്ധിച്ച പ്രശ്നങ്ങളുടെ പരിഹാരം എന്നിവ കുറ്റമറ്റ രീതിയിൽ നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു. കാസർകോട് നഗരസഭാ പരിധിയിൽ വ്യാഴാഴ്ച വരെ 33 പേർക്കാണു രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതിൽ 2 പേർക്ക് സുഖം പ്രാപിച്ചു. 611 പേർ വീടുകളിലും 15 പേർ കെയർ സെന്ററുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലാണ്.


തളങ്കര, നെല്ലിക്കുന്ന്, ബങ്കരക്കുന്ന്, ചാല, അണംകൂർ പ്രദേശങ്ങളിലുള്ളവർ ആണ് കോവിഡ് ബാധിച്ചവർ. ഇവരെല്ലാം വിദേശത്തു നിന്നു നാട്ടിൽ എത്തിയവരാണ്. 1275 അതിഥി തൊഴിലാളികൾ ഉണ്ട് നഗര പരിധിയിൽ. സന്നദ്ധ സംഘടനകളും നഗരസഭയും ഇവർക്കു ഭക്ഷണവും അവശ്യസാധനങ്ങളും എത്തിക്കുന്നുണ്ടെന്നു സെക്രട്ടറി അറിയിച്ചു.

ഹെൽപ് ഡെസ്ക് തുറന്നു

നഗരത്തിൽ പ്രത്യേക പരിഗണന ആവശ്യമുള്ളവരെ സഹായിക്കാൻ നഗരസഭ ഹെൽപ് ഡെസ്ക് പ്രവർത്തനം തുടങ്ങി. ഒറ്റയ്ക്കു താമസിക്കുന്നവർ, ആശ്രയമില്ലാത്ത കിടപ്പു രോഗികൾ, വയോജനങ്ങൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരുടെ പ്രശ്നങ്ങൾ ഡെസ്കിന്റെ ശ്രദ്ധയിൽപ്പെടുത്താം. ഒപ്പം സാമൂഹിക വ്യാപനം തടയുന്നതിനാവശ്യമായ ഇടപെടലുകൾ, രോഗലക്ഷണം ഉള്ളവരെ മാറ്റിപ്പാർപ്പിക്കൽ എന്നിവയും നടത്തും. ക്ഷേമകാര്യ സമിതി അധ്യക്ഷ ഫർസാന ശിഹാബുദ്ദീൻ ആണ് ഹെൽപ് ഡെസ്കിന്റെ ചുമതല. ഹെൽത്ത് സൂപർവൈസർ എ.കെ. ദാമോദരൻ, മെംബർ സെക്രട്ടറി എ.ആർ. അജീഷ്, ഐസിഡിഎസ് സൂപ്പർവൈസർ കാർത്യായനി തുടങ്ങിയവരും ഡെസ്കുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുവെന്ന് സെക്രട്ടറി എസ്. ബിജു അറിയിച്ചു. ഹെൽപ് ഡെസ്ക് വാട്സാപ് നമ്പർ – 9633263052, 9745707937.
Previous Post Next Post
Kasaragod Today
Kasaragod Today