കാസർകോട് ∙ പേപ്പട്ടി ശല്യം തടയാൻ നഗരത്തിലും പരിസരങ്ങളിലും തെരുവു നായ പിടിത്തം തുടങ്ങി. ജില്ലാ പഞ്ചായത്ത്, മൃഗസംരക്ഷണ വകുപ്പ് നേതൃത്വത്തിലുള്ള എബിസി യൂണിറ്റ് തൊഴിലാളികൾ 10 നായയെ പിടികൂടി. കോട്ടക്കണി , പുതിയ ബസ് സ്റ്റാൻഡ്, അശോക് നഗർ തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് ഇവയെ കിട്ടിയത്. നായയെ പിടിക്കുന്ന സംഘവും വാഹനവും വന്ന മണം അറിഞ്ഞു നായകളുടെ കൂട്ടക്കുര ആയിരുന്നു സംഘം എത്തിയ ഇടങ്ങളിൽ . പലതും പിടി കൊടുക്കാതെ മറഞ്ഞു.
നാലംഗ സംഘം വളയം എറിഞ്ഞു കുടുക്കി വലയിലാക്കിയ നായ കൂട്ടത്തെ എബിസി കേന്ദ്രത്തിൽ കൂട്ടിലാക്കി. പേ പ്രതിരോധ വാക്സിനേഷൻ നടത്തി ഇവയെ വന്ധ്യംകരണം നടത്തും . നഗരസഭ സ്ഥിരം സമിതി അധ്യക്ഷ എം. നൈമുന്നീസ, വാർഡ് അംഗം സന്ധ്യ ഷെട്ടി എന്നിവരുടെ നേതൃത്വത്തിൽ ആണ് സംഘം വിവിധ കേന്ദ്രങ്ങളിൽ എത്തി തെരുവു നായ്ക്കളെ പിടികൂടിയത്. കഴിഞ്ഞ ദിവസം മുപ്പതിലേറെ പേരെ വിവിധ സ്ഥലങ്ങളിൽ നിന്നായി കടിച്ച നായയ്ക്ക് പേ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആണ് നായ പിടിത്തത്തിനു ചീഫ് വെറ്ററിനറി ഓഫിസർ ശിവനായിക്ക് നിർദേശം നൽകിയത്.