കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥിയോട് വിമതനായി മത്സരിച്ചു വിജയിച്ച കാസർകോട് നഗരസഭാ അംഗം റാഷിദ്‌ പൂരണത്തിന്റെ സസ്പെൻഷൻ ലീഗ് പിൻവലിച്ചു

 കാസര്‍കോട്: ആസന്നമായ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി പാര്‍ട്ടിയുമായി ഇടഞ്ഞു നിന്നിരുന്നവരെ ഒപ്പം ചേര്‍ത്ത് തന്ത്രങ്ങളൊരുക്കി മുസ്ലിം ലീഗ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ തവണ ഫോര്‍ട്ട് റോഡ് വാര്‍ഡിലെ തിരഞ്ഞെടുപ്പ് നിര്‍ണയവുമായി ബന്ധപ്പെട്ട് വിമത പ്രവര്‍ത്തനം നടത്തിയതിന് പാര്‍ട്ടി സസ്‌പെന്റ് ചെയ്ത ഫോര്‍ട്ട് റോഡിലെ നഗരസഭാംഗം റാഷിദ് പൂരണം, ആസിഫ് എവറസ്റ്റ്, നൗഷാദ് കരിപ്പൊടി, കെ.എം. റഫീഖ് എന്നിവരെ പാര്‍ട്ടി തിരിച്ചെടുത്തു. നാല് പേരുടെയും സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.

പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട റാഷിദ് പൂരണത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഫോര്‍ട്ട് റോഡില്‍ ശിഹാബ് തങ്ങള്‍ സ്മാരക കേന്ദ്രത്തിന്റെ ബാനറില്‍ പ്രവര്‍ത്തനം നടത്തി വരികയായിരുന്നു. പാര്‍ട്ടിയുടെ സസ്‌പെന്‍ഷന്‍ നടപടിയില്‍ അതൃപ്തരായെങ്കിലും പാര്‍ട്ടിയിലേക്ക് തിരിച്ചുവരുന്നതിന് പല സന്ദര്‍ഭങ്ങളിലും ഇവര്‍ ശ്രമം നടത്തിയിരുന്നു. സംസ്ഥാന നേതാക്കളെയടക്കം ബന്ധപ്പെട്ട് ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ശാഖാ കമ്മിറ്റിയുടെ എതിര്‍പ്പുള്ളതിനാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന തീരുമാനം നീണ്ടു പോവുകയായിരുന്നു. എന്നാല്‍ വിമത പ്രവര്‍ത്തനം അടുത്തിടെ നടന്ന ഹൊന്നമൂല ഉപതിരഞ്ഞെടുപ്പിലടക്കം ലീഗിന് തിരിച്ചടിയായിരുന്നു.

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ ഇടഞ്ഞുനില്‍ക്കുന്നവരെ ഒന്നിച്ചു നിര്‍ത്താന്‍ സംസ്ഥാന നേതൃത്വം കൈക്കൊണ്ട നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഫോര്‍ട്ട് റോഡില്‍ സമവായ ശ്രമമുണ്ടായത്. ലീഗ് ജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ സസ്‌പെന്‍ഷന്‍ നേരിട്ടവരുമായി ചര്‍ച്ച നടന്നിരുന്നു. ഫോര്‍ട്ട് റോഡ് ശാഖാ കമ്മിറ്റിയും തീരുമാനത്തെ അനുകൂലിച്ചു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതില്‍ സന്തോഷമുണ്ടെന്നും പാര്‍ട്ടി അര്‍ഹമായ പരിഗണന തങ്ങള്‍ക്ക് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും തിരിച്ചെടുത്തവര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുക്കണമെന്നടക്കമുള്ള ചില നിബന്ധനകള്‍ ഇവര്‍ മുന്നോട്ട് വെച്ചതായാണ് അറിയുന്നത്.


أحدث أقدم
Kasaragod Today
Kasaragod Today