വൻ കഞ്ചാവ് വേട്ട, മലപ്പുറത്ത് പിടികൂടിയത് 300കിലോ കഞ്ചാവ്

 മലപ്പുറം: മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട. 300 കിലോ കഞ്ചാവുമായി 5 പേരെ പൊലീസ് പിടികൂടി. സംഘത്തിലെ 3 പേര് ഓടി രക്ഷപ്പെട്ടു. ആന്ധ്രയിലെ വിശാഖപട്ടണത്ത് നിന്നാണ് ഇവര്‍ കഞ്ചാവ് കൊണ്ട് വന്നത്. ഇന്നോവ കാറിലും, മിനി ലോറിയിലുമായാണ് കഞ്ചാവ് കടത്തിയത്. അരീക്കോട് സ്വദേശി ഷാഹുല്‍ ഹമീദ്, മഞ്ചേരി സ്വദേശി അക്ബര്‍ അലി, കോട്ടക്കല് ഇന്ത്യനൂര്‍ സ്വദേശി അബ്ദുറഹിമാന്‍ , ഇരുമ്ബുഴി സ്വദേശി നജീബ് , കരിപ്പൂര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.


സംഭവത്തെ പറ്റി പോലീസ് നല്‍കുന്ന വിശദീകരണം ഇങ്ങനെ. നജീബും അബ്ദുറഹ്മാനും ആണ് മുഖ്യ ആസൂത്രകര്‍. ഇവര്‍ ഓ.എല്‍.എക്സ് വഴി വാഹനങ്ങള്‍ വാടകക്ക് എടുത്ത് ആണ് കഞ്ചാവ് കൊണ്ടുവരാന്‍ നിശ്ചയിച്ചത്.


ഈ മാസം 17 ന് ഇവര്‍ മഞ്ചേരി സ്വദേശിയുടെ മിനി ട്രക്കും ഒരു ഇന്നോവയും വാടകക്ക് എടുത്ത് ഇവര്‍ ആന്ധ്രയിലേക്ക് പോകുക ആയിരുന്നു. അവിടെ നിന്നും ഉള്ളി ചാക്കുകള്‍ക്ക്‌ ഒപ്പം ആണ് കഞ്ചാവ് കടത്തിയത്. 8 ചാക്കുകളില്‍ ആയി 318 കിലോ കഞ്ചാവ് ആണ് കൊണ്ടുവന്നത്. ഇതിന് വിപണി വില ഏകദേശം 25 ലക്ഷം രൂപ വരും.


മിനിട്രക്ക് വാടകക്ക് നല്‍കിയ ആള്‍ , ലോറി മറ്റൊരു സംസ്ഥാനത്ത് ആണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ജിപിഎസ് വഴി ട്രാക്ക് ചെയ്യുക ആയിരുന്നു. തുടര്‍ന്ന് ഇദ്ദേഹം പോലീസിന്റെ സഹായം തേടി. അങ്ങനെ ആണ് ചാപ്പപ്പടിയില്‍ വച്ച്‌ വാഹനം പോലീസ് തടഞ്ഞതും കഞ്ചാവ് കണ്ടെത്തിയതും. മിനി ട്രക്കില്‍ ഉള്ളി ചാക്കുകള്‍ക്ക് അടിയില്‍ ആണ് 7 ചാക്ക് കഞ്ചാവ് ഉണ്ടായിരുന്നത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന 3 പേര് രക്ഷപ്പെട്ടു. ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി


Previous Post Next Post
Kasaragod Today
Kasaragod Today