കാഞ്ഞങ്ങാട് | ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ എം സി ഖമറുദ്ദീന്‍ എം എല്‍ എയുടെ രാജിക്ക് മുസ്‌ലിം ലീഗില്‍ സമ്മര്‍ദം. ഖമറുദ്ദീന്‍ എം എല്‍ എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് സി പി എമ്മും ബി ജെ പിയും സമരപാതയിലാണ്.
തിരെഞ്ഞെടുപ്പിൽ പിന്തുണച്ച എസ്‌ഡിപി ഐ യും വെൽഫെയർ പാർട്ടിയും രാജി ആവശ്യവുമായി രംഗത്ത് വന്നു രാജി വെച്ച് ഇലക്ഷൻ നേരിടണമെന്നാണ് ആവശ്യം,
തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഖമറുദ്ദീന്‍ രാജിവെക്കാതിരിക്കുന്നത് യു ഡി എഫിന് തിരിച്ചടിയാകുമെന്ന് ലീഗിലെ ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യം ഉന്നയിച്ച് ഈ വിഭാഗം ലീഗ് നേതൃത്വത്തിന് മേല്‍ സമ്മര്‍ദം ശക്തിപ്പെടുത്തുകയാണ്. എന്നാല്‍, ഖമറുദ്ദീന്‍ എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടില്‍ ലീഗ് നേതൃത്വം ഉറച്ചുനില്‍ക്കുകയാണ്.
അതിനിടെ നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണസംഘം തെളിവെടുപ്പ് തുടരുകയാണ്. ക്രൈം ബ്രാഞ്ച് അന്വേഷണസംഘത്തിലെ ഇന്‍സ്പെക്ടര്‍ ടി മധസൂദനന്‍നായരും സംഘവും ചന്തേര പോലീസ് സ്റ്റേഷനിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്ത് ആദ്യഘട്ടത്തില്‍ ക്രൈംബ്രാഞ്ചിന് കൈമാറിയ 13 കേസുകളില്‍ അഞ്ച് പരാതിക്കാരുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
നിക്ഷേപ തുക തിരിച്ചുകിട്ടാതിരുന്നതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയ തളിപ്പറമ്ബ് ചപ്പാരപ്പടവിലെ എ ശാഹിദ (മൂന്ന് ലക്ഷം), കാങ്കോലിലെ കെ സുബൈദ (അഞ്ച് ലക്ഷം), തൃക്കരിപ്പൂര്‍ തങ്കയത്തെ ടി കെ അബ്ദുര്‍റഹ്‌മാന്‍ (ഏഴ് ലക്ഷം), മുന്‍ അധ്യാപകരായ കാങ്കോല്‍ നോര്‍ത്തിലെ എം ടി പി അബ്ദുല്‍ഖാദര്‍ (എട്ട് ലക്ഷം), കാങ്കോലിലെ എം ടി പി ഇല്യാസ് (ആറ് ലക്ഷം) എന്നിവര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി.
മികച്ച ലാഭവിഹിതം വാഗ്ദാനം ചെയ്ത് എം സി ഖമറുദ്ദീനും പൂക്കോയ തങ്ങളും നേരിട്ടാണ് പണം കൈപ്പറ്റിയതെന്ന് ഇവര്‍ വെളിപ്പെടുത്തി. ഫാഷന്‍ ഗോള്‍ഡ് അടച്ചുപൂട്ടുകയും നിക്ഷേപിച്ച തുക തിരികെ ലഭിക്കാതിരിക്കുകയും ചെയ്തതോടെ തങ്ങള്‍ ഖമറുദ്ദീനെയും പൂക്കോയ തങ്ങളെയും സമീപിച്ചെങ്കിലും പണം നല്‍കാതെ രണ്ട് പേരും ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്ന് തട്ടിപ്പിനിരയായവര്‍ മൊഴി നല്‍കി.
ഇന്നലെ കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ എത്തിയ അന്വേഷണസംഘം കാസര്‍കോട്, ഉദുമ, പള്ളിക്കര എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ പരാതികള്‍ സ്വീകരിച്ചു.
മറ്റുള്ളവരില്‍ നിന്ന് വരും ദിവസങ്ങളില്‍ മൊഴിയെടുക്കും. ഫാഷന്‍ ഗോള്‍ഡിലേക്ക് എണ്ണൂറോളം പേരില്‍ നിന്ന് നിക്ഷേപമായി 150 കോടി രൂപ കൈപ്പറ്റിയിട്ടുണ്ടെന്നും ഇത് തിരികെ നല്‍കിയില്ലെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.
