ആലുവ: വയസ്സ് തെളിയിക്കുന്ന രേഖ തിരുത്തി പ്രായപൂർത്തിയാകാത്തവരുടെ വോട്ട് ചേർത്ത കേസിൽ ബി.ജെ.പി പ്രവർത്തകനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ ശാസ്താ ലെയ്നിൽ താമസിക്കുന്ന സഞ്ജയാണ് (21) അറസ്റ്റിലായത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
ആലുവ നഗരസഭയിൽ 21ാം വാർഡിലാണ് വ്യാജരേഖകൾ ചമച്ച് വോട്ടർപട്ടികയിൽ ചേർക്കാൻ ശ്രമം നടന്നത്.
ബി.ജെ.പി അനുഭാവികളായ സഞ്ജയും മറ്റ് മൂന്ന് സുഹൃത്തുക്കളും ചേർന്ന് കൂട്ടുകാരായ 16കാരനെ വോട്ടർപട്ടികയിൽ ചേർക്കാൻ ശ്രമിക്കുകയായിരുന്നു. അപേക്ഷയോടൊപ്പം നൽകിയ സർട്ടിഫിക്കറ്റിൽ പ്രായം തിരുത്തി ഫോട്ടോകോപ്പി നൽകി.
സംശയംതോന്നി നഗരസഭ അധികൃതർ ഒറിജിനൽ ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
കഴിഞ്ഞ ദിവസമാണ് നഗരസഭയുടെ വോട്ടർപട്ടികയിൽ പുതുതായി രണ്ടുപേർ പേരുചേർത്തത്. സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയത് തങ്ങളറിയാതെ വാർഡിലെ രാഷ്ട്രീയപ്രവർത്തകരാണെന്നാണ് പ്രായപൂർത്തിയാകാത്തയാൾ പറഞ്ഞത്. ഫോട്ടോസ്റ്റാറ്റ് എടുത്തപ്പോൾ വയസ്സിൽ കൃത്രിമം കാണിെച്ചന്നാണ് ഇയാൾ പറയുന്നത്.
പ്രായപൂർത്തിയാകാത്ത രണ്ടുപേരുടെ രക്ഷാകർത്താക്കൾ വോട്ട് ചേർത്ത ബി.ജെ.പിയിലെ അഞ്ചുപേർക്കെതിരെ പരാതി നൽകിയിരുന്നു.
വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസാണ് രജിസ്റ്റർ ചെയ്തത്.
