കാസർകോട്ടെ എക്സൈസ് സംഘത്തിന് നേരെ കറന്തക്കാട്ട് ആക്രമണം

 കാസർകോട്: കറന്തക്കാട് അഗ്നിശമനസേനാ ഓഫീസിന് സമീപം അനധികൃത മദ്യവില്പന പരിശോധനയ്ക്കെത്തിയ മൂന്നംഗ എക്‌സൈസ് സംഘത്തെ അക്രമിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. രഹസ്യവിവരത്തെ തുടർന്ന് പരിശോധനയ്ക്കെത്തിയ കാസർകോട് എക്‌സൈസ് സർക്കിളിലെ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ സിവിൽ എക്‌സൈസ് ഓഫീസർ നിതീഷ് വൈക്കത്തിന് പരിക്കേറ്റു.


പ്രിവന്റീവ് ഓഫീസർ എസ്. ജേക്കബ്, സിവിൽ എക്‌സൈസ് ഓഫീസർ സുധീർ പറമ്മൽ, നിതീഷ് വൈക്കം എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലത്ത് പരിശോധയക്കെത്തിയത്. ഈ സമയം മൂന്നുപേർ ചേർന്ന് മദ്യവില്പന നടത്തുകയായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിലൊരാളെ സിവിൽ എക്‌സൈസ് ഓഫീസർ നിതീഷ് വൈക്കം പിടികൂടുകയും മറ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുകയുമായിരുന്നു.


ഇതിനിടെയാണ് പ്രദേശത്തുനിന്ന് കൂടുതൽ പേരെത്തി എക്‌സൈസ് ഉദ്യോഗസ്ഥരെ അക്രമിച്ചത്. മർദനത്തിൽ നിതീഷ് വൈക്കത്തിന് വാരിയെല്ലിന് പരിക്കേറ്റു. സംഭവസ്ഥലത്തുനിന്ന് 5.9 ലിറ്റർ കർണാടക മദ്യം പിടിച്ചെടുത്തു.


സംഭവത്തിൽ കണ്ടാലറിയാവുന്നവർക്കെതിരേ എക്‌സൈസ് കേസെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ കാസർകോട് ടൗൺ പോലീസും കേസെടുത്തു.


أحدث أقدم
Kasaragod Today
Kasaragod Today