പുതിയതായി പണിയാനുദ്ദേശിക്കുന്ന ജില്ലാ ജയിലിന് ചട്ടഞ്ചാലിൽ സ്ഥലം കണ്ടെത്തി

 കാസർകോട്: പുതിയതായി പണിയാനുദ്ദേശിക്കുന്ന ജില്ലാ ജയിലിന് ചട്ടഞ്ചാലിൽ സ്ഥലം കണ്ടെത്തി. പൊയിനാച്ചിക്കും ചട്ടഞ്ചാലിനും ഇടയിലുള്ള വ്യവസായ പാർക്കിന് സമീപത്തെ 12 ഏക്കറാണ് കണ്ടെത്തിയിരിക്കുന്നത്. ജില്ലാ ജയിലിലെ അസി. സൂപ്രണ്ട് പി.ഗോപാലകൃഷ്ണൻ നായരെയാണ് നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയിരിക്കുന്നത്.


വ്യവസായവകുപ്പിന്റെ പക്കൽനിന്ന്‌ സ്ഥലം കൈമാറിയതിനുശേഷം നിർമാണപ്രവൃത്തികൾ ആരംഭിക്കും. ഒരേസമയം 300 പേർക്ക് താമസിക്കാൻ സൗകര്യമുള്ള ജയിലാണ് നിർമിക്കുന്നത്. ജയിൽപ്പുള്ളികൾക്കുള്ള സെല്ലുകൾ, ജയിൽ അടുക്കള, ഭക്ഷണമുറി, ഉദ്യോഗസ്ഥർക്കുള്ള ക്വാർട്ടേഴ്‌സ് തുടങ്ങിയ സൗകര്യങ്ങൾ ഇവിടൊരുക്കും. ഇതിനുപുറമേ, ജയിൽ ചപ്പാത്തി, ബിരിയാണി തുടങ്ങിയ ഉത്പന്നങ്ങൾ ഉണ്ടാക്കാനും പെട്രോൾ പമ്പ് സ്ഥാപിക്കാനും പദ്ധതിയുണ്ട്.


ഇല്ല, നിലവിൽ ജയിലിലിടം


നിലവിൽ കഞ്ഞങ്ങാട്ടെ ജില്ലാ ജയിലിൽ 42 തടവുപുള്ളികൾക്ക് താമസിക്കാനുള്ള സൗകര്യം മാത്രമാണുള്ളത്. കാസർകോട് സബ് ജയിൽ 32 പേർക്കും മാത്രമാണ് താമസസൗകര്യം. ജില്ലയിലെ ജയിലുകളിൽ സ്ഥലപരിമിതിയുള്ളതിനാൽ കാസർകോട്ടെ ജയിൽപുള്ളികളിൽ പലരേയും കണ്ണൂർ ജയിലിലേക്കാണ് മാറ്റുന്നത്. പുതിയ ജില്ലാ ജയിൽ യാഥാർഥ്യമാവുന്നതോടെ ഇത് ഒഴിവാക്കാൻ സാധിക്കുമെന്നാണ്‌ പ്രതീക്ഷ.


2017-ൽ പെരിയയിലെ പ്ലാന്റേഷൻ കോർപ്പറേഷന്റെ സ്ഥലമാണ് ജില്ലാ ജയിലിനായി കണ്ടെത്തിയിരുന്നത്. എന്നാൽ, പ്ലാന്റേഷൻവകുപ്പ് സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറല്ലാത്തതിനെത്തുടർന്ന് ചീമേനി തുറന്നജയിലിന് സമീപത്ത് സ്ഥാപിക്കാൻ തീരുമാനിച്ചു. വേണ്ടത്ര സ്ഥലസൗകര്യമില്ലാത്തതിനാലും എത്തിപ്പെടാൻ പ്രയാസമായതിനാലും ചീമേനിയിലെ സ്ഥലം ഒഴിവാക്കുകയായിരുന്നു. നിലവിൽ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിക്ക്‌ സമീപത്താണ് ജില്ലാ ജയിൽ സ്ഥിതിചെയ്യുന്നത്. ഞെങ്ങിഞെരുങ്ങുന്ന ജയിൽ അവിടെനിന്ന്‌ മാറ്റുന്നതോടെ ജില്ലാ ആസ്പത്രിയുടെ വികസനത്തിന്‌ ആവശ്യമായ സ്ഥലം ലഭിക്കും.


Previous Post Next Post
Kasaragod Today
Kasaragod Today