ജോസ് കെ. മാണിയും കൂട്ടരും കയറുന്നത് മുങ്ങുന്ന കപ്പലിലേക്ക്: പി.കെ.കുഞ്ഞാലിക്കുട്ടി

 മലപ്പുറം ∙ മുങ്ങുന്ന കപ്പലിലേക്കാണ് ജോസ് കെ. മാണിയും കൂട്ടരും കയറുന്നതെന്ന് കേരള കോൺഗ്രസ് (എം) വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശത്തെക്കുറിച്ച് മു‌സ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ഇടത് മുന്നണിയിൽ ചേരാനുള്ള അജൻഡ നേരത്തേ അവരുടെ മനസ്സിലുണ്ടായിരുന്നതുകൊണ്ടാകാം യുഡിഎഫ് നടത്തിയ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെടാനിയായതെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. അതേസമയം ജോസ് വിഭാഗത്തിന്റെ നടപടി യുഡിഎഫിനെ ബാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാജ്യസഭാ സീറ്റ് രാജിവയ്ക്കുമെന്ന് ജോസ് കെ. മാണി പറയുന്നത് വെറും നാടകമാണ്. പി.ജെ.ജോസഫിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസിലെ നേതാക്കളും അണികളും ഇപ്പോഴും യുഡിഎഫിനൊപ്പമുണ്ട്. കെ.എം.മാണി യുഡിഎഫ് വിട്ട ശേഷം തിരിച്ചുവന്നപ്പോഴുണ്ടാക്കിയ കരാർ കയ്യിലുണ്ട്. അതേസമയം പുതിയ തീരുമാനത്തെക്കുറിച്ച് ജോസ് കെ.മാണിയെ പഴിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇടത് മുന്നണിയിൽ ചേർന്നത് കൊണ്ട് അവർക്ക് ഒരു ഗുണവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മാണി സി.കാപ്പനെ യുഡിഎഫിലേക്കെത്തിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് പ്രതികരിക്കുന്നില്ല. ആവശ്യമെങ്കിൽ അതിനു വേണ്ട ചർച്ച നടത്താൻ പറ്റിയ ആളുകളും യുഡിഎഫിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.സാമ്പത്തിക പരാധീനതയുടെ പേരിൽ വിദ്യാർഥികളെ തെരുവിലലയാൻ വിട്ടിരിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്എസ്എൽസി വിജയിച്ചവർക്കായി ഒരു ബാച്ച് പോലും ഇത്തവണ അധികം അനുവദിച്ചിട്ടില്ല. സർക്കാർ സ്കൂളുകളിലെങ്കിലും പുതിയ പ്ലസ് ടു ബാച്ചുകൾ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Previous Post Next Post
Kasaragod Today
Kasaragod Today