കാസര്‍കോട്: മധൂര്‍ പഞ്ചായത്തില്‍പ്പെട്ട ചേനക്കോട് പദാര്‍ഥ വയലില്‍ ഭൂമി അരക്കിലോമീറ്ററോളം നീളത്തില്‍ വിണ്ടുകീറിയ നിലയില്‍ കണ്ടെത്തി. രണ്ട് മീറ്ററിലധികം ആഴത്തിലാണ് വിണ്ടു കീറല്‍. നാലു ദിവസത്തെ കനത്ത മഴ പെയ്‌തൊഴിഞ്ഞപ്പോളാണ് വിണ്ടുകീറല്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കുന്നിന്റെ ഒരു ഭാഗം തന്നെ ചെടികളും ചെറിയ മരങ്ങളുമടക്കം താഴേക്ക് നീങ്ങിയിരിക്കുന്നു. പലയിടത്തായി ഭൂമി വീണ്ടുകീറിയും, നിരങ്ങി നീങ്ങിയും, ഇരുന്നും, പാറകളുടെ പാളി അടര്‍ന്ന് കഷണങ്ങള്‍ താഴെക്ക് പതിച്ചും ഈ പ്രദേശം ഭീതി പരത്തുന്ന അവസ്ഥയിലാണ്. വലിയ കുന്നിന്റെ ചെരിവിലാണ് ഭൂമി വിണ്ടു കീറിയിരിക്കുന്നത്. കുന്നിന്റെ മുകളില്‍ വീടുകളില്ലെങ്കിലും താഴെ ഭാഗത്ത് അഞ്ച് വീടുകളുണ്ട്. ഇതിനടുത്തു കൂടിയാണ് മധു വാഹിനി പുഴ ഒഴുകുന്നത്. കുന്നില്‍ ചരിവ് താഴോട്ട് നിരങ്ങിയതിനാല്‍ താഴെയുള്ള തോടിന്റെ വീതി കുറഞ്ഞതായും ചിലയിടങ്ങളില്‍ അടഞ്ഞുപോയതായും കാണാനുണ്ട്. കുന്നിന്റെ ചരിവ് മുപ്പത് ഡിഗ്രിയില്‍ കൂടുതലാണ്. മണ്ണ് കളിമണ്ണ് ചേര്‍ന്നതാണ്. ഒരുപാട് മഴക്കുഴികള്‍ മുന്‍ കാലങ്ങളില്‍ നിര്‍മിച്ചതായി കാണാം. ധാരാളം അക്കേഷ്യ മരങ്ങളും വെച്ച് പിടിപ്പിച്ചിട്ടുണ്ട്. കനത്ത മഴയില്‍ വെള്ളം ഊര്‍ന്നിറങ്ങി കരിങ്കല്‍ പാളിക്കും മണ്‍ പാളിക്കുമിടയില്‍ ബലക്ഷയമുണ്ടാകുമ്പോള്‍ ഒരു പ്രദേശം തന്നെ തെന്നി നീങ്ങാറുണ്ടെന്ന് ഇവിടം സന്ദര്‍ശിച്ച ഭൗമ ശാസ്ത്രജ്ഞര്‍ പറഞ്ഞു. കാസര്‍കോട് ഗവ.കോളേജ് ജിയോളജി വകുപ്പ് മേധാവി ഡോ.എ.എന്‍ മനോഹരനും മുന്‍ ഗവ. കോളെജ് പ്രിന്‍സിപ്പലും പഠന വകുപ്പ് മേധാവിയും റിട്ട. ഉത്തര മേഖല കോളെജ് വിദ്യാഭ്യാസ ഡെ. ഡയറക്ടറുമായ പ്രൊഫ. വി.ഗോപിനാഥനുമാണ് സ്ഥലം സന്ദര്‍ശിച്ചത്. ഭൂഗര്‍ഭ ജലത്തിന്റെ ഒഴുക്ക് മൂലം മണ്ണിനടിയില്‍ മണ്ണൊലിപ്പുണ്ടായി രൂപപ്പെടുന്ന ചെറിയ ഗുഹകള്‍ മഴക്കാലത്ത് ഇടിഞ്ഞുതാഴാം. ഈ സമയത്ത് ഉപരിതലം താഴ്ന്നു പോകും. മഴക്കുഴികള്‍ വെള്ളം ചെരിവിലേക്ക് ഊര്‍ന്നിറങ്ങി ബലക്ഷയമുണ്ടാക്കാന്‍ ഇടയാകും.1994-95 കാലഘട്ടത്തില്‍ ഇതിന് മുമ്പ് ഇതുപോലെ ഭൂമി പിളരല്‍ സംഭവിച്ചതായി പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. അന്നത്തെ കലക്ടര്‍ മാരപാണ്ഡ്യന്‍ സ്ഥലം സന്ദര്‍ശിച്ചതായും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഇവിടെ പണ്ട് വലിയ ഗുഹ ഉണ്ടായിരുന്നതായും വീട് മളി ഹൗസ് എന്നറിയപ്പെട്ടതായും അദ്ദേഹം പറയുന്നു.
ശക്തമായ മഴയില്‍ മണ്ണ് കുതിര്‍ന്ന് ഭാരം കൂടി അമര്‍ന്ന് പോകുന്നത് അടിയില്‍ രൂപപ്പെട്ട മളി അഥവാ മാളങ്ങള്‍ കൊണ്ടാണ്. കുന്ന് സംരക്ഷിച്ച് നിര്‍ത്താനവശ്യമായ പ്രര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് ശാസ്ത്രജ്ഞഞര്‍ പറഞ്ഞു. ഇവിടെ വിശദമായ ഭൗമ പഠനം ആവശ്യമാണ്. ഇതിനടുത്ത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
