ഷാര്‍ജ: അല്‍ ബുഹൈറ പ്രദേശത്ത് കഴിഞ്ഞ ദിവസം കെട്ടിടത്തിെന്റ ഒന്നാം നിലയില്‍നിന്ന് വീണ നാല് വയസ്സുള്ള അറബ് ബാലന്‍ പരിക്കുകളോടെ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ബാല്‍ക്കണിയില്‍ കളിക്കുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട് താഴെ വീഴുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് സ്ഥിരീകരിച്ചു.
കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത ശേഷം സംഭവത്തിന് പിന്നില്‍ എന്തെങ്കിലും ക്രിമിനല്‍ നടപടിയോ അശ്രദ്ധയോ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് ഇത് അപകടമാണെന്ന് സ്ഥിരീകരിച്ചതെന്ന് ബുഹൈറ പൊലീസ് സ്റ്റേഷന് ഡയറക്ടര്‍ അബ്ദുല്ല സേലം അല്‍ നഖ്ബി പറഞ്ഞു. അല്‍ നഖ്‌ബിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കുട്ടിയുടെ ആരോഗ്യം പരിശോധിക്കാന്‍ ആശുപത്രിയിലെത്തി.
കുട്ടിയുടെ ജീവന്‍ രക്ഷിച്ച അതിവേഗ നടപടിക്ക് പിതാവ് ഷാര്‍ജ പൊലീസിന് നന്ദി പറഞ്ഞു.
അനിഷ്ടസംഭവങ്ങള്‍ നടക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് അല്‍ നഖ്ബി കമ്യൂണിറ്റി അംഗങ്ങളോടും മാതാപിതാക്കളോടും ആവശ്യപ്പെട്ടു. ഫര്‍ണിച്ചര്‍, സീറ്റുകള്‍, മേശകള്‍ എന്നിവ വിന്‍ഡോകള്‍ക്കടുത്തോ ബാല്‍ക്കണിയിലോ സൂക്ഷിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
