പത്തുവയസുകാരി പാമ്ബുകടിയേറ്റ് മരിച്ച സംഭവം: കുടുംബത്തിന് വാവ സുരേഷ് വീടുവച്ച്‌ നല്‍കും

 പത്തനാപുരം: കൊല്ലം പത്തനാപുരത്ത് വീട്ടില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരി പാമ്ബ് കടിയേറ്റു മരിച്ച സംഭവത്തില്‍ കുട്ടിയുടെ കുടുംബത്തിന് സുഹൃത്തുക്കളുടെ സഹായത്തോടെ വാവ സുരേഷ് വീടുവച്ച്‌ നല്‍കും. മാങ്കോട് അംബേദ്കര്‍ ഗ്രാമത്തിലെ ആദിത്യയാണ് മണ്‍കൂരയില്‍ സഹോദരിക്കൊപ്പം നിലത്തു കിടന്നുറങ്ങുന്നതിനിടെ പാമ്ബുകടിയേറ്റ് മരിച്ചത്.വീടിനായി ലൈഫ് മിഷനില്‍ പലതവണ അപേക്ഷ നല്‍കിയിട്ടും പരിഗണിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വാവ ആദിത്യയുടെ വീട് സന്ദര്‍ശിച്ചു.


മലപ്പുറത്തുള്ള പ്രവാസി സുഹൃത്തുക്കള്‍ വാവ സുരേഷിന് വീട് നിര്‍മ്മിച്ച്‌ നല്‍കാമെന്ന് അടുത്തിടെ അറിയിച്ചിരുന്നു. എന്നാല്‍ അന്ന് സ്‌നേഹപൂര്‍വം നിരസിച്ച വാവ ഈ വീട് ആദിത്യയുടെ കുടുംബത്തിന് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. കേട്ടപാടെ സുഹൃത്തുക്കളും സമ്മതംമൂളി. വീടുപണി ഉടന്‍ ആരംഭിക്കുമെന്ന് വീട്ടുകാര്‍ക്ക് വാവ ഉറപ്പും നല്‍കി.


മുപ്പത് വര്‍ഷം മുന്‍പ് ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയ പണി തീരാത്ത ചെറിയ വീട്ടിലാണ് പിന്നോക്ക വിഭാഗത്തില്‍പ്പെട്ട കുടുംബം താമസിച്ചിരുന്നത്. തറയും ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്ന വീടിന്റെ മുകള്‍ഭാഗത്ത് പ്ലാസ്റ്റിക് ടാര്‍പ്പോ കെട്ടിയ നിലയിലാണ്. ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന സ്ഥിതിയിലാണ് വീട്.


Previous Post Next Post
Kasaragod Today
Kasaragod Today