ബിബിഎം കഴിഞ്ഞ് നേരെ പശുവളർത്തലിലേക്കിറങ്ങി കാസർകോട് മുളിയാറിലെ ഇരുപതു കാരൻ ; ഇപ്പോൾ മാസ വരുമാനം 50,000 രൂപ. കോവിഡ് മൂലം ജോലി പോയി എന്ന് പറഞ്ഞു ദുഖിച്ചിരിക്കുന്നവർക്ക്‌ മാതൃകയാക്കാം വൈശാഖിന്റെ ജീവിതം

 ബോവിക്കാനം ∙‌ ‌‌‌‌ബിബിഎം കഴിഞ്ഞിറങ്ങിയ യുവാവ് പശു വളർത്തലിലേക്ക് തിരിഞ്ഞപ്പോൾ നെറ്റി ചുളിച്ച ഒരുപാട് പേരുണ്ട്. ‌‌‌എന്നാൽ അതൊന്നും മുളിയാർ പാണൂരിലെ വൈശാഖ് എന്ന ഇരുപതുകാരന്റെ മനസ്സു മാറ്റിയില്ല. കോളജ് ക്ലാസുകളിൽ പഠിച്ച ബിസിനസ് പാഠങ്ങൾക്കൊണ്ട് ജീവിതത്തിൽ കണ്ടു വളർന്ന കൃഷിപാഠങ്ങളെ മികവുറ്റതാക്കുകയായിരുന്നു വൈശാഖ്. ഒരു പശുവിൽ നിന്നു തുടങ്ങി, ഇപ്പോൾ തൊഴുത്തിൽ 6 പശുക്കളായി. ‌വരുമാനം അമ്പതിനായിത്തിലേറെ രൂപ.2018 ൽ മംഗളൂരു സെന്റ് അലോഷ്യസ് കോളജിൽ നിന്ന് 60% ൽ അധികം മാർക്ക് നേടിയാണ് ബിബിഎം പാസായത്. കർഷക കുടുംബത്തിൽ ജനിച്ച വൈശാഖിന് ഉന്നത പഠനത്തേക്കാൾ താൽപര്യം കൃഷിയോടായിരുന്നു. അച്ഛൻ ഗോപാലകൃഷ്ണനും അമ്മ സുമതിയും മകന്റെ  തീരുമാനത്തിനൊപ്പം നിന്നു. ഒരു എച്ച്എഫ് ഇനം പശുവിൽ നിന്നായിരുന്നു തുടക്കം. വിജയകരമായതോടെ കൂടുതൽ പശുക്കളെ വാങ്ങി. 


എച്ച്എഫ്, ജഴ്സി ഇനങ്ങളിൽ പെട്ട 6 പശുക്കളെയാണ് വളർത്തുന്നത്. 3 കിടാരികളും. അഞ്ചെണ്ണത്തിനു കറവയുണ്ട്. ഒരു ദിവസം 50 ലീറ്റർ പാൽ ലഭിക്കുന്നു. നേരത്തെ 60 ലീറ്റർ വരെ ലഭിച്ചിരുന്നു. ഇരിയണ്ണി ക്ഷീരോൽപാദക സംഘത്തിലാണ് പാൽ വിൽക്കുന്നത്. വൈകിട്ട് ലഭിക്കുന്നത് സമീപത്തെ മുപ്പതോളം വീടുകളിലും വിൽപന നടത്തുന്നു. ഇതിനു ആദായം കൂടുതലാണ്.


18 ലീറ്റർ വരെ പാൽ ലഭിക്കുന്ന പശുക്കൾ വൈശാഖിനുണ്ട്. ഇതിനു പുറമെ ചാണകപ്പൊടി വിൽ‌പനയിലൂടെയും നല്ല വരുമാനം ലഭിക്കുന്നു. ഒരേക്കറോളം സ്ഥലത്ത് തീറ്റപ്പുൽ കൃഷി ചെയ്യുന്നുണ്ട്. പശുക്കളുടെ എണ്ണം 15 ആക്കി വർധിപ്പിക്കാനാണ് പദ്ധതി. കൂടെ പഠിച്ചിരുന്നവർ പലരും കോവി‍ഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട് വെറുതെയിരിക്കുമ്പോൾ, തുടക്കത്തിൽ സംശയിച്ചവർക്കുള്ള മറുപടിയുമായി വൈശാഖിന്റെ ജീവിത വിജയത്തിന്റെ പുതിയ ഉയരങ്ങൾ തേടുകയാണ്.


Previous Post Next Post
Kasaragod Today
Kasaragod Today