കാസര്‍കോട്: കൊവിഡ് കാലത്ത് വീടുകള്‍ പരീക്ഷണ ശാലയാക്കുകയാണ് അടുക്കത്തുബയല്‍ സര്‍ക്കാര്‍ യു.പി. സ്കൂള്‍. 786 കുട്ടികളുള്ള സ്കൂളില്‍ 786 ലാബുകളാണ് ഒരുങ്ങുന്നത്. 80 ശതമാനം കുട്ടികളും തങ്ങളുടെ വീടുകളില്‍ ലാബ് സജ്ജീകരിച്ചു സ്വയം പരീക്ഷണം തുടങ്ങി. അപകടം ക്ഷണിച്ചു വരുത്തുന്ന ആസിഡുകള്‍ ഒഴിവാക്കി പ്രകൃതിദത്തമായ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് 'കുട്ടി ശാസ്ത്രജ്ഞന്മാര്‍' പരീക്ഷണം നടത്തുന്നത്. 'എന്റെ വീട്ടില്‍ ഒരു ശാസ്ത്ര പരീക്ഷണശാല' എന്ന പദ്ധതിയാണ് പ്രാവര്‍ത്തികമാകുന്നത്.
പരീക്ഷണങ്ങള്‍ സ്കൂള്‍ ലാബുകളില്‍ ചെയ്യാന്‍ പറ്റാത്ത ഈ അവസ്ഥയില്‍ ഓണ്‍ലൈന്‍ പഠനത്തിന് അനുസരിച്ചുള്ള പരീക്ഷണങ്ങള്‍ ചെയ്യുന്നതിന് വേണ്ടി ഓരോ കുട്ടികളുടെയും വീടുകളില്‍ പരീക്ഷണശാല ഒരുക്കുകയാണ് ചെയ്തത്.
സീറോ ബജറ്റ് ലാബുകള്‍ ഒരുക്കി നല്‍കാന്‍ രക്ഷിതാക്കളും ആവേശത്തിലാണ്. ഒരാഴ്ചകൊണ്ട് 100 ശതമാനം പരീക്ഷണശാലയും ഒരുക്കി ചരിത്രമെഴുതുകയാണ് വിദ്യാര്‍ഥികള്‍. അന്തരീക്ഷ മര്‍ദ്ദം, വെള്ളത്തിന്റെ സാന്ദ്രത, ആസിഡ്, ആല്‍ക്കലി എന്നിവ തിരിച്ചറിയല്‍ തുടങ്ങിയ ലളിതമായ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടതോടെ വിദ്യാര്‍ത്ഥികളും ആവേശത്തിലാണ്. അപ്പക്കാരവും വിനാഗിരിയും ചെമ്ബരത്തി പൂവും കടലാസുകളും കോഴിമുട്ടയും ബലൂണുമെല്ലാം പരീക്ഷണ വസ്തുവായി വീടുകളിലെ നാടന്‍ ലാബുകളില്‍ എത്തിയതും കൗതുകമായി.
വിലയേറിയ ജാറുകള്‍ക്കും ഉപകരണങ്ങള്‍ക്കും പകരം വീടുകളിലെ അടുക്കളയില്‍ ഉപയോഗിക്കുന്ന ബോട്ടിലുകളും പലതരം പത്രങ്ങളുമെല്ലാം കുട്ടികളുടെ ലാബുകളില്‍ സാമഗ്രികളായി. ലാബുകളില്‍ ഉപയോഗിക്കുന്ന ലിറ്റ്മസ് പേപ്പറിന് പകരം പ്രകൃതിദത്തമായ ചെമ്ബരത്തി പൂവ് ഉരച്ചു നിറംമാറ്റം ദൃശ്യമാക്കുന്നു. ആസിഡും ആല്‍കലിയും തിരിച്ചറിയാനാണ് ഇത്. ഉപ്പുവെള്ളത്തിന്റെ സാന്ദ്രത കൂടുതലുള്ളത് അറിയാന്‍ വെള്ളവും ഉപ്പുവെള്ളവും വെവ്വേറെ പാത്രത്തില്‍ എടുത്തു കോഴിമുട്ട ഉപയോഗിച്ചാണ് പരീക്ഷണം. ബലൂണ്‍ വീര്‍പ്പിക്കുന്നതിന് അപ്പക്കാരവും വിനാഗിരിയുമാണ് കുട്ടികള്‍ ഉപയോഗിക്കുന്നത്. തീ കത്തുന്നതിന് ഓക്സിജന്‍ ആവശ്യമാണെന്ന പരീക്ഷണവും ഭംഗിയായി നടത്തി. പാഠഭാഗത്തെ ആസ്പദമാക്കി വിത്യസ്തങ്ങളായ പരീക്ഷണങ്ങളാണ് ഓരോ കുട്ടികളും നടത്തുന്നത്. പ്രധാനാദ്ധ്യാപിക യശോദ, അദ്ധ്യാപകരായ റാംമനോഹര്‍, ഷേര്‍ളി, മധുമ, പൂര്‍ണ്ണിമ, സരിത, ശാന്ത, ജിജി എന്നിവരാണ് ആസൂത്രണം. ഇവര്‍ വീടുകളില്‍ ചെന്ന് കുട്ടികളുടെ പ്രവര്‍ത്തനം വിലയിരുത്തും. സമ്ബൂര്‍ണ്ണ ഗൃഹശാസ്ത്ര പരീക്ഷണശാല പ്രഖ്യാപനം നടത്താനാണ് ഉദ്ദേശിക്കുന്നത്. കാസര്‍കോട് ഡി.ഇ.ഒ നന്ദികേശന്‍ ലാബ് നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു.
ഹരിത പരീക്ഷണം നടത്തി ആസിഡ് കണ്ടെത്തി
കൊറക്കോട് താമസിക്കുന്ന കെ. ഹരിത വീട്ടില്‍ സജ്ജീകരിച്ച ലാബില്‍ നടത്തിയത് സാധാരണ ഉപയോഗിക്കുന്ന സാധന സാമഗ്രികളില്‍ ആസിഡ് ഉണ്ടോയെന്ന് കണ്ടെത്താനുള്ള പരീക്ഷണമായിരുന്നു. ചെറുനാരങ്ങ, ബട്ടര്‍ മില്‍ക്ക്, വിനാഗിരി, സാള്‍ട് വാട്ടര്‍ എന്നിവകളില്‍ ആസിഡിന്റെ അംശം കണ്ടെത്താനായിരുന്നു പരീക്ഷണം. ബോട്ടിലുകള്‍, പേപ്പര്‍, സ്പൂണ്‍ തുടങ്ങിയ സാമഗ്രികളാണ് ഉപയോഗിച്ചത്. വെള്ളത്തിന്റെ സാന്ദ്രത അളക്കുന്നതിനുള്ള പരീക്ഷണവും നടത്തുകയുണ്ടായി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹരിത, വിദ്യാനഗറില്‍ ബിസിനസുകാരനായ കെ. ഹരീഷിന്റെയും സ്വകാര്യ കോളേജ് അദ്ധ്യാപിക പി.വി. അംബികയുടെയും മകളാണ്.
