കാസർഗോഡ്: ഇതുവരെ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന വനിതാനേതാവ് തന്നെ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരേ വിമതയായി മത്സരിക്കുമ്പോള്‍ സാധാരണഗതിയില്‍ ചങ്കിടിപ്പുണ്ടാകേണ്ടത് സ്വന്തം മുന്നണിക്കാണ്. പക്ഷേ പടന്ന പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ ഉണ്ടായത് ചക്കിനുവച്ചത് കൊക്കിനു കൊള്ളുമെന്ന അവസ്ഥയാണ്. ഇതുവരെ 12-ാം വാര്‍ഡ് മുതിരക്കൊവ്വലില്നിന്നുള്ള അംഗവും വൈസ് പ്രസിഡന്റുമായിരുന്ന കോണ്‍ഗ്രസിലെ ടി.കെ. സുബൈദയാണ് വീണ്ടും സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വിമതയായി പത്രിക നല്‍കിയത്. വൈസ് പ്രസിഡന്റായിരുന്ന കാലത്തുതന്നെ മുന്നണി ധാരണ തെറ്റിച്ചുവെന്നതിന്റെ പേരില്‍ ഇവര്‍ യുഡിഎഫുമായി ഉടക്കിലായിരുന്നു. സ്വന്തം മുന്നണിതന്നെ അവിശ്വാസം കൊണ്ടുവന്നെങ്കിലും എല്‍ഡിഎഫിന്റെ സഹായത്തോടെ അതിനെ പരാജയപ്പെടുത്തിയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നത്. ഇത്തവണ സ്വാഭാവികമായും പാര്‍ട്ടി സീറ്റ് നിഷേധിച്ചു. പകരം കോണ്‍ഗ്രസിലെ തന്നെ പി. സബൂറയെ സ്ഥാനാര്‍ഥിയാക്കി. സുബൈദ വിമതയായി പത്രിക നല്‍കുകയും ചെയ്തു.
ഇനിയാണ് ആന്റി ക്ലൈമാക്സ്. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നില്ക്കുന്ന പടന്ന പഞ്ചായത്തില്‍ ഓരോ വാര്‍ഡും ഇരുപക്ഷത്തിനും നിര്‍ണായകമാണ്. കഴിഞ്ഞതവണ കൈവിട്ടുപോയ ഭരണം തിരിച്ചുപിടിക്കാനായി ഓരോ വാര്‍ഡുകളിലും അളന്നും തൂക്കിയുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. മുതിരക്കൊവ്വല്‍ വാര്‍ഡ് പിടിക്കാനുള്ള ദൗത്യമേല്‍പ്പിച്ചത് കഴിഞ്ഞതവണ ചെറുവത്തൂർ ഡിവിഷനിലെ ജില്ലാ പഞ്ചായത്തംഗമായിരുന്ന ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവ് പി.സി. സുബൈദയെയാണ്. 2010-15 കാലത്ത് പടന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പി.സി. സുബൈദയെയാണ് ഇത്തവണ ഭരണം കിട്ടിയാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിക്കുന്നത്.
ഇതിനിടയില്‍ ഈ വാര്‍ഡില്‍ ടി.കെ. സുബൈദ സ്വതന്ത്രസ്ഥാനാര്‍ഥിയായി വന്നതോടെ പേരിലുള്ള സാദൃശ്യവും വാര്‍ഡിലെ വ്യക്തിബന്ധങ്ങളും കൊണ്ട് തങ്ങള്‍ക്കു കിട്ടാനുള്ള വോട്ടുകള്‍ യുഡിഎഫ് വിമത തട്ടിയെടുക്കുമോയെന്ന സംശയത്തിലാണ് ഇപ്പോള്‍ ഇടതു ക്യാമ്പ്. എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കെതിരേ ചുളുവില്‍ ഒരു അപരയെ കിട്ടിയതിന്റെ സന്തോഷത്തിലാണ് യുഡിഎഫ്.
