ഭാര്യയും മക്കളും വേര്‍പിരിഞ്ഞ് താമസിക്കുന്നതില്‍ മനംനൊന്ത് വിഷം കഴിച്ച ഗൃഹനാഥൻ മരിച്ചു

 മുള്ളേരിയ: ഭാര്യയും മക്കളും വേര്‍പിരിഞ്ഞ് താമസിക്കുന്നതില്‍ മനംനൊന്ത് വിഷം കഴിച്ച വയോധികന്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. കിന്നിംഗാര്‍ തരളിമൂലയിലെ മഹാലിംഗനായക്(68) ആണ് മരിച്ചത്. തരളിമൂലയിലെ വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന മഹാലിംഗനായക് ചൊവ്വാഴ്ചയാണ് വിഷം കഴിച്ചത്. ഇതിന് ശേഷം ടൗണിലേക്ക് നടന്നുപോകുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആസ്പത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. ഇന്നലെയാണ് മരണം സംഭവിച്ചത്. മഹാലിംഗനായകിന്റെ ഭാര്യയും മക്കളും മുള്ളേരിയ ടൗണിലെ വാടകവീട്ടിലാണ് താമസം. ഭാര്യയും മക്കളും വേറെ താമസിക്കുന്നതിലുള്ള മനോവിഷമമാകാം മഹാലിംഗനായകിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: സുശീല. മക്കള്‍: ഉഷാകുമാരി, ഉമാവതി, വിനയകുമാര്‍, അശ്വിനി. മരുമക്കള്‍: സുരേഷ്, ഹരീഷ്. സഹോദരങ്ങള്‍: ലക്ഷ്മി, സരസ്വതി, പാര്‍വതി, പരമേശ്വരി.


Previous Post Next Post
Kasaragod Today
Kasaragod Today