ബേഡഡുക്ക: രോഗം വ്യാപിക്കുന്നത് തടയാൻ വീടിനുപുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് നാട്ടുഭാഷയിലൂടെ ബോധവത്കരിച്ച ഓട്ടച്ചാലിലെ നാരായണിയമ്മയെ ബേഡകം പോലീസ് ആദരിച്ചു. പശുക്കൾക്ക് നൽകാൻ റോഡരികിലെ പുല്ല് അരിഞ്ഞെടുക്കുമ്പോഴും മാസ്ക് ധരിച്ചാണ് നാരായണിയമ്മ മാതൃകയായത്.
പാണ്ടി ഗവ. സ്കൂളിലെ അധ്യാപകൻ വിജയൻ ശങ്കരമ്പാടി ആകസ്മികമായാണ് നാരായണിയമ്മ ഇങ്ങനെ പുല്ലരിയുന്നത് കാണുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് കുറ്റിക്കോൽ പഞ്ചായത്തിലെ മാഷ് വിഷൻ കോ ഓർഡിനേറ്ററായ ഉദ്ദേഹം ഇത് ചിത്രീകരിച്ചു. സാമൂഹിക മാധ്യമങ്ങളിൽ ഇത് വൈറലായി. ഇതേത്തുടർന്നാണ് പോലീസ് ആദരിച്ചത്.
ഇൻസ്പെക്ടർ ടി.ഉത്തംദാസ് പൊന്നാടയണിയിച്ചു. മാസ്ക്, ഗ്ലൗസ് എന്നിവയുടെ കിറ്റും നല്കി. ജനമൈത്രി ബീറ്റ് പോലീസ് ഉദ്യോഗസ്ഥരായ രാമചന്ദ്രൻ നായർ, സുകുമാരൻ കാടകം, രാജേഷ് കരിപ്പാടകം, സ്പെഷ്യൽ ബ്രാഞ്ചിലെ ഭാസ്കരൻ ബേത്തൂർപാറ, മാഷ് വിഷൻ കോ ഓർഡിനേറ്റർ വിജയൻ ശങ്കരമ്പാടി എന്നിവർ സംബന്ധിച്ചു.
