ഇടതു നിന്ന്‌, വലതു മാറി, കളം മറിഞ്ഞ്‌ താമരയില്‍ ചവിട്ടി... സി പി എമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും വിജയിച്ച സലീം ഇത്തവണ ബി ജെ പി സ്ഥാനാർത്ഥി

 പുനലൂര്‍ (കൊല്ലം): ഇടതു നിന്ന്‌ അരിവാളില്‍ ചവിട്ടിക്കയറി, വലതു മാറി കൈ ചവിട്ടി, കളം മറിഞ്ഞ്‌ ഒടുവില്‍ താമരയില്‍... മാമ്ബഴത്തറ സലീം എന്ന തോട്ടം തൊഴിലാളി നേതാവാണ്‌ മൂന്നു മുന്നണികള്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്ബത്തുമായി ജനവിധി തേടുന്നത്‌. അഞ്ചാം അങ്കമാണ്‌ ഇക്കുറി. 

കന്നിപ്പോരാട്ടം 1995-ലായിരുന്നു. സി.പി.എം. പ്രതിനിധിയായി കഴുതുരുട്ടി വാര്‍ഡില്‍ മത്സരിച്ചു ജയിച്ച്‌ ആര്യങ്കാവ്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റായി. രണ്ടായിരത്തില്‍ അഞ്ചല്‍ ബ്ലോക്ക്‌ പഞ്ചായത്തിലെ ആര്യങ്കാവ്‌ വാര്‍ഡില്‍നിന്നു വിജയിച്ചു. 2005-ല്‍ പാലരുവി വാര്‍ഡില്‍നിന്നു ജയിച്ച്‌ വീണ്ടും ആര്യങ്കാവ്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റായി.



സി.പി.എമ്മുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന്‌ 2009-ല്‍ രാജിവച്ച്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2010-ല്‍ കഴുതുരുട്ടിയില്‍നിന്നു മത്സരിച്ച്‌ വിജയിച്ചു. അക്കുറി ആര്യങ്കാവ്‌ ഗ്രാമപഞ്ചായത്തില്‍ ആദ്യമായി യു.ഡി.എഫിന്‌ ഭൂരിപക്ഷം ലഭിച്ചു. പ്രസിഡന്റ്‌ സ്‌ഥാനം പട്ടികജാതി വനിതാ സംവരണമായിരുന്നു. അന്ന്‌ വൈസ്‌ പ്രസിഡന്റായി.

കോണ്‍ഗ്രസില്‍ ഗ്രൂപ്പ്‌ പോരും സ്‌ഥാനത്തര്‍ക്കവും രൂക്ഷമായിരിക്കെ 2015-ല്‍ ഇടപ്പാളയത്തുനിന്നു മത്സരിച്ചെങ്കിലും ജയിച്ചില്ല. കാലുവാരിയതാണെന്ന വിശ്വാസത്തില്‍ പ്രവര്‍ത്തനങ്ങളില്‍നിന്നു പിന്നീടു വിട്ടുനിന്നു.

2017 ജൂലൈയില്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ച്‌ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇക്കുറി കഴുതുരുട്ടിയില്‍നിന്നു വിജയിക്കുമെന്ന വിശ്വാസത്തിലാണ്‌ സലീം. എല്‍.ഡി.എഫിലെ സി. ചന്ദ്രനും യു.ഡി.എഫിലെ ഇടപ്പാളയം സുരേഷും കോണ്‍ഗ്രസ്‌ റിബലായി ജോസും അവിടെ മത്സരരംഗത്തുണ്ട്‌.


Previous Post Next Post
Kasaragod Today
Kasaragod Today