ലീഗ് കോട്ടയായ തളങ്കരയിൽ വിമതർ: മത്സരം കൊഴുക്കും

 തളങ്കര: തളങ്കര പടിഞ്ഞാർ, കടവത്ത്, ഫോർട്ട് റോഡ് എന്നിവിടങ്ങളിൽ ലീഗിന് റിബലുകൾ. ലീഗിന്റെ ശക്തികേന്ദ്രങ്ങായ ഈ വാർഡുകളിൽ റിബലുകൾ രംഗത്തുവന്നത് ലീഗിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. പടിഞ്ഞാറിൽ ലീഗ് സ്ഥാനാർഥി സുമയ്യ മൊയ്തീനെതിരേ ഷാഹിദ അഷ്റഫാണ് മത്സരരംഗത്തിറങ്ങിയിരിക്കുന്നത്. കടവത്ത് ലീഗ് സ്ഥാനാർഥി സിദ്ദീഖ് ചക്കരയ്ക്കെതിരേ വിമതർ രംഗത്തിറക്കിയിരിക്കുന്നത് നിലവിലെ സ്ഥാനാർഥി ഫർസാനയുടെ ഭർത്താവ് എം. ഹസൈനെയാണ്. ഇവിടെ മുൻ ചെയർമാനും ലീഗ് പ്രസിഡന്റുമായ ടി.ഇ. അബ്ദുല്ലയുടെ പേരും സിദ്ദീഖ് ചക്കരയുടെ പേരുമാണ് ഉണ്ടായിരുന്നത്.



ടി.ഇ.ക്ക് സംസ്ഥാനഘടകം സമ്മതം നൽകാത്തതുകൊണ്ട് സിദ്ദീഖിന് അവസരം ലഭിച്ചു. അതിനിടയിലാണ് ലീഗ് പ്രവർത്തകനും സാമൂഹിക-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഹസ്സൻ ഇവിടെ ലീഗിനെതിരേ പത്രിക നൽകിയിരിക്കുന്നത്. ഫോർട്ട് റോഡിൽ മുസ്‌ലിം ലീഗ് വാർഡ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.വി മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സാഹിറ ബാനുവാണ് ലീഗ് സ്ഥാനാർഥി. ഇവർക്കെതിരേ അടുത്തിടെ പാർട്ടിയിൽ തിരിച്ചെത്തിയ നൗഷാദ് കരിപ്പൊടിയുടെ ഭാര്യ ഹസീന നൗഷാദാണ് പത്രിക നൽകിയിരിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം ഇവിടെനിന്ന്‌ ലീഗിന് റിബലായി മത്സരിച്ച റാഷിദ് പൂരണത്തിന്റെ നേതൃത്വത്തിലുള്ളവർ ഈയടുത്ത് പാർട്ടിയിൽ തിരിച്ചെത്തിയിരുന്നു. പക്ഷേ, തിരിച്ചെത്തുമ്പോൾ പാർട്ടി നൽകിയ ചില വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നാണ് ഇവരുടെ പരാതി. അവസാനമായി ലീഗ് വാർഡ് സെക്രട്ടറിയുടെ ഭാര്യയെ സ്ഥാനാർഥിയാക്കിയപ്പോൾ വാർഡ് സെക്രട്ടറി സ്ഥാനം നൽകണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഇവിടെ സ്ഥാനാർഥിയെ നിർത്താൻ നിർബന്ധിതരായത്. വിമതനീക്കത്തെ ലീഗ് നേതൃത്വം വളരെ ഭയപ്പാടോടുകൂടിയാണ് കാണുന്നത്. എന്തായാലും ഇപ്രാവശ്യം തളങ്കരയിൽ മത്സരം കൊഴുക്കുമെന്ന് ഒരു യൂത്ത് ലീഗ് നേതാവ് പറഞ്ഞു.


വിമതരെ പാർട്ടിയിൽനിന്ന് പുറത്താക്കും- ലീഗ്


:തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന്റെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരേ വിമതരായി മത്സരിക്കുന്നവരെ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം. ചർച്ചകൾ നടത്തിയും പ്രവർത്തകരോട് കൂടിയാലോചിച്ചുമാണ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നത്. സ്ഥാനാർഥിത്വം സംബന്ധിച്ച അന്തിമതീരുമാനം പാർട്ടി നേതൃത്വത്തിന്റെതാണ്. കഴിഞ്ഞ തവണ നടന്നതുപോലുള്ള ഒത്തുതീർപ്പ് ചർച്ചയോ സമവായമോ ഉണ്ടാവില്ലെന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന്‌ പുറത്താക്കുമെന്നും ജില്ലാ ലീഗ് നേതൃത്വം അറിയിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today