കോഴിക്കോട്: കാഞ്ഞങ്ങാട്ടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുറഹ്മാന്‍റെ കൊലപാതകത്തില്‍ ഗുഢാലോചന നടത്തിയത് പ്രമുഖ ലീഗ് നേതാവാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കൊലക്കുപിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും റഹീം കോഴിക്കോട്ട് പറഞ്ഞു.
കൊലയ്ക്കുശേഷം പ്രതികളെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും കാസര്‍കോട്ടെ ലീഗ് നേതാക്കള്‍ സഹായിച്ചു. കേസ് അട്ടിമറിക്കാനും ശ്രമം നടന്നിട്ടുണ്ട്. മുസ്‌ലിം ലീഗിന് പോപ്പുലര്‍ ഫ്രണ്ടിന്‍റെ സഹായത്തോടെ ആയുധ പരിശീലനം ലഭിക്കുന്നുണ്ട്. ലീഗ് ജമാഅത്തെയുടെ തടവറയില്‍ ആണെന്നും റഹീം ആരോപിച്ചു.
അതേസമയം കൊലപാതകത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാന്‍ നേരത്തേ ഡി.വൈ.എഫ്.ഐ തീരുമാനിച്ചിരുന്നു.
മൂന്ന് ദിനങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രതിഷേധ പരിപാടികളാണ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തത്. 26ന് സംസ്ഥാനത്തെ എല്ലാ മേഖലാ കേന്ദ്രങ്ങളിലും പ്രതിഷേധ പൊതുയോഗങ്ങള്‍ നടത്തും.