തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളായ ഫാ. തോമസ് എം. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്കും ജീവപര്യന്തം തടവ്. അഞ്ചു ലക്ഷം രൂപ വീതം പിഴയും പ്രതികൾ നൽകണം. തോമസ് കോട്ടൂരിന് ഒരു ലക്ഷം രൂപ അധിക പിഴയും വിധിച്ചു. വധിക്കുക എന്ന ലക്ഷ്യത്തോടെ അതിക്രമിച്ചു കയറിയ കുറ്റത്തിനാണ് അധിക പിഴ വിധിച്ചത്. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി കെ. സനിൽകുമാർ ആണ് ശിക്ഷ വിധിച്ചത്.
ഫാ. കോട്ടൂരിന് ഐ.പി.സി 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ), 449 (വധശ്രമത്തിനായി അതിക്രമിച്ച് കടക്കൽ) പ്രകാരവും സെഫിക്ക് 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ) പ്രകാരവും കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കോട്ടൂരിന് കൊലപാതകം നടത്തിയതിന് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും, തെളിവ് നശിപ്പിക്കലിന് ഏഴു വർഷം തടവ്, കോൺവെന്‍റിൽ അതിക്രമിച്ച് കടന്നതിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴ, സിസ്റ്റർ സെഫിക്ക് കൊലപാതകം നടത്തിയതിന് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും, തെളിവ് നശിപ്പിക്കലിന് ഏഴു വർഷം തടവ് എന്നിങ്ങനെയാണ് ശിക്ഷയുടെ വിശദാംശങ്ങൾ. പ്രതികൾ ശിക്ഷ ഒരുമിച്ച് അനുഭവിക്കണമെന്നും കോടതി വിധിച്ചു.പ്രതികളുടെ അവിഹിതബന്ധം നേരിൽ കണ്ട വിരോധത്തെ തുടർന്ന് അഭയയെ തലയ്ക്കടിച്ച് കൊന്ന് കിണറ്റിലിെട്ടന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ഒന്നാം പ്രതി തോമസ് കോട്ടൂർ അതിക്രമിച്ച് കടന്ന് കുറ്റകൃത്യം നടത്തിയത് ഗൗരവതരമാണ്. അപൂർവങ്ങളിൽ അപൂർവ കേസായി കാണണം. പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
താൻ നിരപരാധിയാണെന്ന് തോമസ് കോട്ടൂർ ജഡ്ജിയുടെ സമീപത്തെത്തി പറഞ്ഞു. 73 വയസുള്ള അർബുദ രോഗിയാണും പ്രായാധിക്യവും രോഗവും പരിഗണിച്ച് കുറഞ്ഞ ശിക്ഷ നൽകണമെന്നും കോട്ടൂരിന്‍റെ അഭിഭാഷകൻ വാദിച്ചു. രോഗികളായ മാതാപിതാക്കളുണ്ടെന്നും അവരെ നോക്കുന്നത് താനാണെന്നും സെഫി കോടതിയിൽ പറഞ്ഞു.
കേസിൽ പ്രതികൾ കുറ്റക്കാരെന്ന് ചൊവ്വാഴ്ച സി.ബി.ഐ കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെ തോമസ് കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും സെഫിയെ അട്ടകുളങ്ങര വനിത ജയിലിലേക്കും മാറ്റിയിരുന്നു. ഇന്ന് രാവിലെ ശിക്ഷാ വിധി കേൾക്കുന്നതിന് പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സി.ബി.ഐ പ്രോസിക്യൂട്ടർ എം. നവാസ് ഹാജരായി.1992 മാർച്ച് 27 നായിരുന്നു സംഭവം. കോട്ടയം ബി.സി.എം കോളജിലെ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർഥിനിയും ക്നാനായ കത്തോലിക്കാ സഭയുടെ കീഴിലെ സെൻറ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയുമായിരുന്ന സിസ്റ്റർ അഭയയെ (20) കോട്ടയം പയസ് ടെൻത് കോൺവെൻറിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കോട്ടയം അരിക്കരയിൽ തോമസ്-ലീലാമ്മ ദമ്പതികളുടെ മകളായിരുന്നു അഭയ. സംഭവം നടക്കുമ്പോൾ തോമസ് കോട്ടൂർ കോട്ടയം ബി.സി.എം കോളജ് സൈക്കോളജി അധ്യാപകനും സിസ്റ്റർ സെഫി പയസ് ടെൻത് കോൺവെന്‍റ് ഹോസ്റ്റലിലെ താൽകാലിക ചുമതലക്കാരിയും ആയിരുന്നു.
കേസിലെ രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ തെളിവുകളുടെ അഭാവത്തിൽ കോടതി നേരത്തേ കുറ്റമുക്തനാക്കിയിരുന്നു. ജോസ് പൂതൃക്കയിലിനെതിരായ നൈറ്റ് വാച്ച്മാൻ ചെല്ലമ്മ ദാസിന്‍റെ മൊഴിയിൽ തിയതി ഇല്ലെന്ന ന്യായം ചൂണ്ടികാണിച്ചാണ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. ചെല്ലമ്മ ദാസ് 2014 ഫെബ്രുവരി 28ന് മരിച്ചതിനാൽ വിചാരണ ഘട്ടത്തിൽ വിസ്തരിക്കാനുമായില്ല.പ്രതികളെ സഹായിക്കാൻ വേണ്ടി തെളിവ് നശിപ്പിച്ച കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ വി.വി. അഗസ്റ്റിൻ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. സാമുവൽ എന്നിവരെ സി.ബി.ഐ പ്രതിയാക്കി കുറ്റപത്രം നൽകിയിരുന്നു. ഇവർ മരണപ്പെട്ടത് കൊണ്ട് രണ്ടു പ്രതികൾ മാത്രമാണ് വിചാരണ നേരിട്ടത്.ഒരു വർഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് സി.ബി.ഐ കോടതി ഇന്ന് വിധി പറഞ്ഞത്. 2019 ആഗസ്റ്റ് 26ന് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിൽ ആരംഭിച്ച വിചാരണ ഈ മാസം 10ന് പൂർത്തിയായി. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ട് നിർണായക സാക്ഷികൾ കൂറുമാറി. 28 വർഷം നീണ്ട കേസിൽ കൂടുതൽ പ്രതികളെ ചേർക്കണമെന്നും ഒഴിവാക്കണമെന്നും ശാസ്ത്രീയ പരിശോധനകൾ വേണമെന്നുമൊക്കെയുള്ള ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ പത്ത് വർഷത്തോളം വിചാരണ നീളുകയായിരുന്നു.കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ആത്മഹത്യ എന്ന നിഗമനത്തിൽ എത്തുകയായിരുന്നു. 1993 മാർച്ച് 23ന് സി.ബി.ഐ അന്വേഷണം തുടങ്ങി 15 വർഷത്തിന് ശേഷമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളാണ് സി.ബി.ഐ ഉപയോഗിച്ചത്. ഇതിൽ മോഷ്ടാവ് അടക്കാ രാജു, തങ്ങൾക്ക് അനുകൂലമായി പ്രചാരണം നടത്താൻ തോമസ് കോട്ടൂർ സമീപിച്ച പൊതുപ്രവർത്തകനായ കളർകോട് വേണുഗോപാൽ എന്നിവരുടെ മൊഴി കേസിൽ നിർണായക വഴിത്തിരിവായി.
അഭയ കേസ് അട്ടിമറിക്കുന്നതിനെതിരെ കോട്ടയം മുനിസിപ്പൽ ചെയർമാൻ പി.സി.ചെറിയാൻ മടുക്കാനി പ്രസിഡന്‍റും ജോമോൻ പുത്തൻപുരയ്ക്കൽ കൺവീനറുമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചതോടെയാണ് നീതിക്ക് വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെട്ടത്. കേസിൽ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടന്നു. സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ആലുവായിലെ മൗണ്ട് കാർമൽ കോൺവെന്റിലെ സിസ്റ്റർ ബെനികാസയുടേതടക്കം 34 നിവേദനങ്ങൾ മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു. ഒടുവിൽ കേസന്വേഷണം സി.ബി.ഐക്ക് വിടാൻ കെ. കരുണാകരൻ സർക്കാർ തീരുമാനിക്കുകയും ചെയ്തു.സംസ്ഥാന സർക്കാറിന്‍റെ ശുപാർശയെത്തുടർന്ന് സി.ബി.ഐ അഭയ കേസന്വേഷണം ഏറ്റെടുത്തു. സി.ബി.ഐ കൊച്ചി യൂണിറ്റ് ഡി.വൈ.എസ്.പി വർഗീസ് പി. തോമസിന്‍റെ നേതൃത്വത്തിൽ ആറുമാസം കൊണ്ട് നടത്തിയ അന്വേഷണത്തിൽ അഭയയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. എന്നാൽ, പിന്നീട് സംഭവിച്ചത് സി.ബി.ഐയുടെ ചരിത്രത്തിൽ അന്നോളം കേട്ടു കേൾവിയില്ലാത്ത കാര്യങ്ങളായിരുന്നു. അഭയയുടെ മരണം ആത്മഹത്യയാക്കാൻ സി.ബി.ഐ എസ്.പി വി. ത്യാഗരാജൻ സമ്മർദ്ദം ചെലുത്തുകയും വഴങ്ങാതെ വന്നപ്പോൾ പീഡിപ്പിക്കുകയും ചെയ്തെന്ന് അന്വേഷണ ഉദ്യേഗസ്ഥൻ വർഗീസ് പി. തോമസ് 1994 മാർച്ച് 7 ന് എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തി. ത്യാഗരാജന്‍റെ ഇടപെടലിൽ പ്രതിഷേധിച്ച് വർഗീസ് പി. തോമസ് സർവീസിൽ നിന്ന് രാജിവെച്ചിരുന്നു. എം.പിമാർ പാർലമെന്‍റിൽ വിഷയം ഉന്നയിക്കുകയടക്കം ചെയതതോടെ അഭയ കേസ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.
വിവാദങ്ങളെ തുടർന്ന് ത്യാഗരാജനെ അഭയക്കേസിന്‍റെ മേൽ നോട്ടത്തിൽ നിന്നും മാറ്റി. സി.ബി.ഐ ഡി.ഐ.ജി ആയിരുന്ന എം.എൽ ശർമയുടെ നേതൃത്വത്തിലുള്ള സംഘത്തിന് അന്വേഷണ ചുമതല നൽകി. സി.ബി.ഐ സംഘം കോട്ടയത്ത് എത്തി പയസ് ടെൻത്കോൺവെന്‍റിലെ കിണറ്റിൽ ജയ്‌പൂരിലെ ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ അഭയയുടെ ഡമ്മി പരീക്ഷണം നടത്തി.