കാസര്‍കോഡ് ഡിസിസി പ്രസിഡന്റിനെതിരേ പരസ്യപ്രസ്താവന: എഐസിസി റിപോര്‍ട്ട് തേടി

 തിരുവനന്തപുരം: പരസ്യ പ്രസ്താവനയ്ക്കു വിലക്കേര്‍പ്പെടുത്തിയിട്ടും കാസര്‍കോഡ് ഡിസിസി പ്രസിഡന്റിനെതിരായ പരാതി ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവന്ന സംഭവത്തില്‍ എഐസിസി റിപോര്‍ട്ട് തേടി. ഇതുസംബന്ധിച്ച്‌ അന്വേഷിച്ചു നടപടിയെടുക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു. പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പരാതികളോ, പ്രസ്താവനകളോ, വാര്‍ത്തകളോ നല്‍കരുതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നിട്ടും കാസര്‍കോഡ് ജില്ലയില്‍ ഡിസിസി പ്രസിഡന്റിനെതിരേ അഞ്ച് ഭാരവാഹികള്‍ ഒപ്പിട്ടു നല്‍കിയ പരാതി ദൃശ്യമാധ്യമങ്ങളില്‍ വന്നത് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ അറിയിച്ചു.


ഇതേക്കുറിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ കെപിസിസിയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത നടപടിയെക്കുറിച്ച്‌ അന്വേഷിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സജി ജോസഫിനെയും സോണി സെബാസ്റ്റ്യനെയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സമിതി മൂന്ന് ദിവസത്തിനകം അന്വേഷിച്ച്‌ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും അനില്‍കുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today