അഴിച്ചുപണിക്ക് കോൺഗ്രസ്: പാർട്ടി ദുർബലം; ഐക്യം അനിവാര്യമെന്ന് രാഹുൽ

 ന്യൂഡൽഹി∙ സംഘടനാതലത്തിൽ അടിമുടി മാറ്റത്തിനൊരുങ്ങി കോൺഗ്രസ്. ആദ്യഘട്ടത്തിൽ മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന എന്നിവിടങ്ങളിലെ പിസിസി ഘടകങ്ങൾ പുനഃസംഘടിപ്പിക്കും. മഹാരാഷ്ട്രയിൽ മുംബൈ റീജനൽ പിസിസി ഘടകം കഴിഞ്ഞ ദിവസം അഴിച്ചുപണിതു.തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടെങ്കിലും കേരളത്തിൽ തൽക്കാലം നേതൃമാറ്റം വേണ്ടെന്നാണു ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. സംസ്ഥാനത്തു നിയമസഭാ തിരഞ്ഞെടുപ്പ് ഏതാനും മാസം മാത്രം അകലെ നിൽക്കെ, നേതൃമാറ്റം തെറ്റായ സന്ദേശം നൽകുമെന്നും താഴേത്തട്ടു മുതൽ ചിട്ടയായ പ്രവർത്തനമുണ്ടായാൽ ഭരണം പിടിക്കാനുള്ള സാഹചര്യമുണ്ടെന്നുമാണു ഹൈക്കമാൻഡിന്റെ കണക്കുകൂട്ടൽ. താഴേത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾക്കു രാഹുൽ ഗാന്ധി നേരിട്ടു മേൽനോട്ടം വഹിക്കും. ഇതിന്റെ ഭാഗമായാണു സംസ്ഥാനത്തിന്റെ ചുമതലയുള്ള 3 എഐസിസി സെക്രട്ടറിമാരെ കഴിഞ്ഞ ദിവസം നിയമിച്ചത്.കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ, കോൺഗ്രസിലെ പ്രവർത്തനരീതിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ രാഹുൽ ബിജെപിയെ നേരിടാൻ പാർട്ടിക്കു കരുത്തില്ലെന്നു തുറന്നടിച്ചു. മുതിർന്ന നേതാക്കൾക്ക് അർഹമായ ബഹുമാനം താൻ നൽകുമെന്നു വ്യക്തമാക്കിയ അദ്ദേഹം പക്ഷേ, അവരിൽ നിന്ന് ഊർജിത പ്രവർത്തനം അനിവാര്യമാണെന്നും കൂട്ടിച്ചേർത്തു.


തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു സാധ്യതയുണ്ടെന്നു യോഗത്തിൽ പി. ചിദംബരം പറഞ്ഞപ്പോൾ അത്തരം മിഥ്യാധാരണകൾ വേണ്ടെന്നും അവിടെ ഡിഎംകെയുടെ ചെറിയ പങ്കാളി മാത്രമാണു കോൺഗ്രസെന്നും രാഹുൽ തിരിച്ചടിച്ചു. രാജസ്ഥാനിൽ ഏതു നിമിഷവും കോൺഗ്രസ് സർക്കാരിനെ വീഴ്ത്താൻ ബിജെപിയും ആർഎസ്എസും തക്കംപാർത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സാന്നിധ്യത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.


പാർട്ടി ശക്തമായാൽ രാഹുൽ നായകനാകും


വൈകിയാണെങ്കിലും രാഹുൽ തന്നെ പ്രസിഡന്റാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. വരും മാസങ്ങളിൽ നടത്തുന്ന ആലോചനാ യോഗം (ചിന്താ ശിബിരം) രാഹുലിന്റെ തിരിച്ചുവരവിനുള്ള വേദിയായേക്കും.


ഐക്യമില്ലാത്ത പാർട്ടിയുടെ നേതാവായി വീണ്ടും നാണംകെടാൻ താനില്ലെന്ന് അടുത്ത വൃത്തങ്ങളോടു പറയുന്ന രാഹുലിന്റെ മനസ്സിലിരിപ്പു വ്യക്തം – ബിജെപിയെ വെല്ലുവിളിക്കാൻ കെൽപുള്ള ശക്തിയായി കോൺഗ്രസിനെ മാറ്റുക; അതിനാവശ്യമായ മാറ്റങ്ങൾ പാർട്ടിയിൽ നടപ്പാക്കുക. അതിനു സാധിച്ചാൽ വീണ്ടും നായകനാവാൻ തയാറാണെന്ന സൂചന രാഹുൽ നൽകുന്നു. അതുവരെ സോണിയയിൽ അഭയം പ്രാപിക്കുകയാണു കോൺഗ്രസ്.


أحدث أقدم
Kasaragod Today
Kasaragod Today