കാസര്‍കോട്: ജില്ലയിലെ 48 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അടുത്ത അഞ്ചു വര്‍ഷം നയിക്കുന്നതിനു ജനങ്ങള്‍ തിരഞ്ഞെടുത്ത 877 പ്രതിനിധികള്‍ ഇന്നു രാവിലെ വരണാധികാരികള്‍ക്കു മുന്നില്‍ ജനപ്രതിനിധികളായി സത്യപ്രതിജ്ഞ ചെയ്‌തു ചുമതലയേറ്റു.
38 ഗ്രാമപഞ്ചായത്തുകളിലും ആറു ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്നു നഗരസഭാ ഓഫീസുകളിലുമായിരുന്നു അംഗങ്ങളുടെ സത്യപ്രതിജ്ഞ. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ കളക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സത്യപ്രതിജ്ഞ ചെയ്‌തു.
ജില്ലാ പഞ്ചായത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗമായ കോണ്‍ഗ്രസിലെ ഗീതകൃഷ്‌ണനാണ് വരണാധികാരിയായ ജില്ലാ കളക്‌ടര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. മറ്റു മെമ്പര്‍മാര്‍ക്കു ഗീതാ കൃഷ്‌ണന്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലും ദൃഢവുമായിരുന്നു പ്രതിജ്ഞ.ജില്ലാ പഞ്ചായത്തിലെ മഞ്ചേശ്വരം ഡിവിഷന്‍ പ്രതിനിധി സത്യപ്രതിജ്ഞാ ചടങ്ങിനെത്താന്‍ വൈകി. മറ്റുള്ളവരുടെ പ്രതിജ്ഞക്കു ശേഷം എല്ലാവരും 20 മിനിട്ടോളം അദ്ദേഹത്തെ കാത്തിരുന്നു.
ചെങ്കളയില്‍ നിന്നു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച ഷാനവാസ് പാദൂര്‍ ചുവന്ന ഷാളണിഞ്ഞു ഇടതു മുന്നണി അംഗങ്ങള്‍ക്കൊപ്പമാണെത്തിയത്. എല്‍ ഡി എഫ് അംഗങ്ങളെല്ലാം ചുവപ്പു ഷാളണിഞ്ഞിരുന്നു.
സത്യപ്രതിജ്ഞക്കു ശേഷം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അംഗങ്ങളുടെ ആദ്യയോഗത്തിലും ഗീതാകൃഷ്‌ണന്‍ ആധ്യക്ഷം വഹിച്ചു. ജില്ലാ പ്രസിഡണ്ടിനെ 30ന് തിരഞ്ഞെടുക്കും. മുനിസിപ്പല്‍ ചെയര്‍ന്മാരെ 28നും ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരെ 30നുമാണ് തിരഞ്ഞെടുക്കുക. കാഞ്ഞങ്ങാട് നഗരസഭയിലും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. പ്രായം കൂടിയ അംഗമായ 41-ാം വാര്‍ഡില്‍ നിന്നും വിജയിച്ച സി പി എം പ്രതിനിധി എച്ച് ശിവദത്ത് മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ബി ജെ പി, യു ഡി എഫ് അംഗങ്ങള്‍ ദൈവത്തിന്റെയും അല്ലാഹുവിന്റെയും നാമത്തിലും സി പി എം അംഗങ്ങള്‍ ദൃഢപ്രതിജ്ഞയുമാണ് എടുത്തത്.
അഞ്ചാം വാര്‍ഡ് അംഗം ബി ജെ പിയിലെ കുസുമ ഹെഗ്‌ഡെ കന്നഡയിലാണ് സത്യവാചകം ചൊല്ലിയത്.