കാസർകോട് : ചെങ്കളയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന വാടക വീട്ടിൽ വില്പനക്കായി രഹസ്യമായി കഞ്ചാവ് സൂക്ഷിച്ച പ്രതിക്ക് കോടതി മൂന്ന് വർഷം കഠിന തടവും കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചെങ്കള സ്വദേശി മുഹമ്മദ് സലീം എന്ന തെക്കൻ സലീമിനെയാണ് (45) കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ടി കെ നിർമ്മല ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 2013 ഏപ്രിൽ 21ന് ആണ് പൊലീസ് കഞ്ചാവ് പിടികൂടിയത്.
അന്നത്തെ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ് ഐ ആയിരുന്ന ടി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് പാർട്ടിയാണ് പ്രതി കുടുംബ സമേതം താമസിച്ചിരുന്ന ചെങ്കള ബേർക്കയിലെ വാടക ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ മുറിയിൽ ഒരു ബെഞ്ചിനടിയിൽ രഹസ്യമായി വില്പനയ്ക്കായി സൂക്ഷിച്ച ഒരു കിലോ ഇരുന്നൂറ് ഗ്രാം കഞ്ചാവ് കണ്ടെത്തി പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. അന്നത്തെ കാസർകോട് ഇൻസ്പെക്ടർമാരായിരുന്ന സി കെ സുനിൽ കുമാർ, സുരേഷ് ബാബു, ബാലകൃഷ്ണൻ എന്നിവരായിരുന്നു കേസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് . പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. കെ ബാലകൃഷ്ണൻ ഹാജരായി. കേസിൽ പതിനൊന്ന് സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകളും 5 തൊണ്ടി മുതലുകളും തെളിവായി കോടതിയിൽ വിചാരണ സമയത്ത് ഹാജരാക്കിയിരുന്നു.