തൊടുപുഴ: വാഗമൺ വട്ടപ്പതലാലിലെ റിസോർട്ടിൽ നടന്ന നിശ പാർട്ടിയിൽ ലഹരി എത്തിച്ചത് ബംഗളൂരുവിൽനിന്നും മണാലിയിൽ നിന്നുമെന്ന് അന്വേഷണ സംഘം. ലഹരിമരുന്ന് കൊണ്ടുവന്ന തൊടുപുഴ സ്വദേശി അജ്മലിെൻറ കണ്ണികളെക്കുറിച്ച് എക്സൈസ് ഇൻറലിജൻസ് അന്വേഷണം ആരംഭിച്ചു.
അറസ്റ്റിലായ കോഴിക്കോട് സ്വദേശി സൽമാൻ, മലപ്പുറം സ്വദേശി നബീൽ എന്നിവരാണ് പാർട്ടി സംഘടിപ്പിച്ചതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. നേരത്തെയും സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ലഹരി പാർട്ടി നടത്തിയിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇവരുടെ മൊബൈൽ ഫോണും പിടിച്ചെടുത്ത രേഖകളും പരിശോധിച്ചുവരികയാണ്.അറസ്റ്റിലായ ഒമ്പത് പേരിലെ ഏക യുവതി ബ്രിസ്റ്റി ബിശ്വാസ് മോഡൽ കൂടിയാണ്. പരസ്യ ചിത്രങ്ങളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്നും കൂടുതൽ പേർക്ക് സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. പാർട്ടിയിൽ പങ്കെടുക്കാനെത്തിയ 49 പേരെ പൊലീസ് വിട്ടയച്ചിരുന്നു. രക്ഷിതാക്കളെ വിളിച്ചറിയിച്ച ശേഷമാണ് ഇവരെ വിട്ടത്. ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യും. അതേസമയം, റിസോർട്ട് ഉടമ ഷാജി കുറ്റിക്കാടിനെ പ്രതി ചേർത്തിട്ടില്ല. റിസോർട്ടിൽ എക്സൈസ് ഇൻറലിജൻസ് വിഭാഗം പരിശോധന നടത്തി.