കോഴിക്കോട്: പ്രചാരണത്തിന് ആവേശമേറെയാണെങ്കിലും കോവിഡിനെ പേടിച്ച് പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ എണ്ണം കുറയുമോയെന്ന ആശങ്കയില്‍ പാര്‍ട്ടികള്‍.
ഒരോ വോട്ടും അക്ഷരാര്‍ഥത്തില്‍ വിലയേറിയ തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം കുറഞ്ഞാല്‍ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടിയാകും. സംസ്ഥാനത്തുതന്നെ കോവിഡ് രൂക്ഷമായ ജില്ലയാണ് കോഴിക്കോട്. പോസിറ്റിവിറ്റി റേറ്റ് അല്പം കുറഞ്ഞിരുന്നെങ്കിലും അടുത്തിടെ വീണ്ടും ഉയര്‍ന്നിട്ടുണ്ട്. വയോജനങ്ങളെയും കിടപ്പുരോഗികളെയും ബൂത്തിലെത്തിക്കുന്നതാണ് കടുത്ത വെല്ലുവിളി.
മുമ്ബ് 'ഓപണ്‍ വോട്ട്' എന്ന ഓമനപ്പേരില്‍ ഇവരുടെ വോട്ട് ചെയ്യുന്നത് അതത് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. ഓരോ ഗ്രാമപഞ്ചായത്ത് വാര്‍ഡിലും കഴിഞ്ഞ തവണ നൂറിലേറെ ഓപണ്‍ വോട്ടുകളുണ്ടായിരുന്നു.
രോഗികളായ വയോജനങ്ങളെയും കിടപ്പുരോഗികളെയും കൃത്യമായ റിവേഴ്സ് ക്വാറന്റീനില്‍ നിര്‍ത്തി സംരക്ഷിക്കുന്ന പലവീട്ടുകാരും ഇത്തവണ വോട്ട് ചെയ്യാന്‍ സമ്മതം നല്‍കില്ലെന്നാണ് പാര്‍ട്ടികളുടെ പേടി. കോവിഡ് കാലമാണെങ്കിലും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്ക്കും വോട്ടവകാശം വിനിയോഗിക്കാന്‍ അവസരമുണ്ടെന്നും വോട്ട് പാഴാക്കരുതെന്നുമാണ് അധികൃതരുടെ നിലപാട്.
