സി.പി.എം. പ്രാദേശികനേതാവിനെ ഇൻസ്‌പെക്ടർ അസഭ്യം പറഞ്ഞതായി പരാതി

 കാസർകോട്: സി.പി.എം. വിദ്യാനഗർ ലോക്കൽ സെക്രട്ടറിയെ കാസർകോട് ടൗൺ ഇൻസ്‌പെക്ടർ അസഭ്യം പറഞ്ഞതായി പരാതി. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. രാത്രി ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ക്വട്ടേഷൻ നൽകി കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരൻ അനിൽ ചെന്നിക്കര പറഞ്ഞു.വെള്ളിയാഴ്ച രാവിലെ 11 മണിയോടെ സി.പി.എം. നേതാക്കൾ കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും കേസെടുക്കാൻ പോലീസ് തയ്യാറായില്ല. ഇതേ തുടർന്ന് പരാതി നൽകാനെത്തിയ കാസർകോട് ഏരിയ സെക്രട്ടറി കെ.എ. മുഹമ്മദ് ഹനീഫയും അനിൽ ചെന്നിക്കരയും അടക്കമുള്ള പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ കുത്തിയിരുന്നു. കാസർകോട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായർ സ്ഥലത്തെത്തി നേതാക്കന്മാരുമായി ചർച്ച നടത്തി. സംഭവം എസ്.പി. അന്വേഷിക്കുന്നുണ്ടെന്നും ആരോപണവിധേയനായ ഇൻസ്‌പെക്ടറോട് അവധിയിൽ പോകാൻ നിർദേശിച്ചിട്ടുണ്ടെന്നും ഡിവൈ.എസ്.പി. നേതാക്കളെ അറിയിച്ചു. തുടർന്നാണ് ഇവർ പിരിഞ്ഞുപോയത്.


യാതൊരു പ്രകോപനവുമില്ലാതെയാണ് ഇൻസ്‌പെക്ടർ അസഭ്യം പറഞ്ഞതെന്നും ഒരു വിഷയവുമായി ബന്ധപ്പെട്ടും ഇൻസ്‌പെക്ടറെ ഈയിടെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അനിൽ ചെന്നിക്കര പറഞ്ഞു.


സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും അനിൽ ചെന്നിക്കര പരാതി നൽകിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ. ജില്ലാ ജോയിന്റ് സെക്രട്ടറി പി. ശിവപ്രസാദ്, സുഭാഷ് പാടി, ടി.എം.എ. കരീം എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.


أحدث أقدم
Kasaragod Today
Kasaragod Today