തിരുവനന്തപുരം: മാർച്ച് 17ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ ഉച്ചക്കുശേഷവും രണ്ടാം വർഷ ഹയർസെക്കൻഡറി/ വി.എച്ച്.എസ്.ഇ പരീക്ഷകൾ രാവിലെയും നടത്തും. പരീക്ഷയുടെ ആരംഭത്തിലുള്ള കൂൾ ഒാഫ് ടൈം (സമാശ്വാസ സമയം) 15 മിനിറ്റിൽനിന്ന് അഞ്ചോ പത്തോ മിനിറ്റ് വർധിപ്പിക്കുന്നത് പരിഗണിക്കും.
എസ്.എസ്.എൽ.സി പരീക്ഷ ഉച്ചക്കുശേഷം 1.45നായിരിക്കും ആരംഭിക്കുക. വെള്ളിയാഴ്ച രണ്ടിനായിരിക്കും പരീക്ഷ. പരീക്ഷയിൽ ഉൗന്നൽ നൽകേണ്ട പാഠഭാഗങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെയും എസ്.സി.ഇ.ആർ.ടി ഡയറക്ടറെയും ചുമതലപ്പെടുത്തി. വിദ്യാർഥികൾക്ക് നിശ്ചിത പാഠഭാഗങ്ങൾ മാത്രം പഠിച്ച് പരീക്ഷയെഴുതാനാകുന്ന രീതിയിലായിരിക്കും ക്രമീകരണം കൊണ്ടുവരിക.
പ്രയാസമുള്ള ചോദ്യങ്ങൾ ഒഴിവാക്കുന്നതിനുള്ള ക്രമീകരണം കൊണ്ടുവരാൻ എസ്.സി.ഇ.ആർ.ടിക്ക് നിർദേശം നൽകും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം എസ്.എസ്.എൽ.സി പരീക്ഷ ടൈംടേബിളിനുംഅംഗീകാരം നൽകി.
എസ്.എസ്.എൽ.സി പരീക്ഷ ടൈംടേബിൾ:
മാർച്ച് 17 ഒന്നാം ഭാഷ പാർട്ട് ഒന്ന്
18 -രണ്ടാം ഭാഷ ഇംഗ്ലീഷ്
19 -മൂന്നാം ഭാഷ ഹിന്ദി
22 -സോഷ്യൽ സയൻസ്
23 -ഒന്നാം ഭാഷ പാർട്ട് രണ്ട്
24 -ഫിസിക്സ്
25 -കെമിസ്ട്രി
29 -മാത്സ്
30 -ബയോളജി
