യുവാക്കളുടെ ഹൃദയതാളമാണ് കെ.ടി.എമ്മിൻെറ ഓരോ ബൈക്കുകളും. ഇപ്പോൾ സൈക്കിൾ ആരാധകർക്ക് കൂടി സന്തോഷമേകുന്ന വാർത്തയുമായിട്ടാണ് ആസ്ട്രിയൻ കമ്പനി വരുന്നത്. തങ്ങളുടെ പ്രീമിയം സൈക്കിളുകൾ ഉടൻ ഇന്ത്യൻ വിപണിയിലെത്തിക്കുകയാണ് കെ.ടി.എം. 30,000 രൂപ മുതൽ 10 ലക്ഷം വരെയായിരിക്കും സൈക്കിളുകളുടെ വില.
ആൽഫവെക്ടറുമായി സഹകരിച്ചാണ് സൈക്കിളുകൾ വിതരണം ചെയ്യുക. കമ്പനിക്ക് 350ഓളം ഇന്ത്യൻ നഗരങ്ങളിൽ സാന്നിധ്യമുണ്ട്. ഇന്ത്യയിൽ, പ്രത്യേകിച്ച് മെട്രോ നഗരങ്ങളിൽ പ്രീമിയം സൈക്കിൾ വിഭാഗം വളർച്ച കൈവരിക്കുന്നതായി ആൽഫവെക്ടറിൻെറ സഹസ്ഥാപകനും സി.ഇ.ഒയുമായ സച്ചിൻ ചോപ്ര പറഞ്ഞു. ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ, പുണെ, ഹൈദരാബാദ് എന്നിവിടങ്ങളിലാകും തങ്ങളുടെ 75 ശതമാനം സൈക്കിളും വിൽക്കുകയെന്നാണ് പ്രതീക്ഷ.
പ്രീമിയം സൈക്കിളുകളുടെ വലിയ നിരതന്നെ കെ.ടി.എമ്മിനുണ്ട്. കിഡ്‌സ് ബൈക്കുകൾ, റോഡ് ബൈക്ക്, എം.ടി.ബി, ഹൈബ്രിഡ് ബൈക്ക്, ഇലക്ട്രിക് ബൈക്ക് എന്നിവയെല്ലാം കമ്പനി വാഗ്ദാനം ചെയ്യുന്നു.
