തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് ആകെ 84.48 ലക്ഷം വോട്ടുകള്‍ നേടിയപ്പോള്‍ യുഡിഎഫ് നേടിയത് 79.07 ലക്ഷം വോട്ടുകള്‍. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ 5.40 ലക്ഷത്തില്‍പരം വോട്ടുകളുടെ വ്യത്യാസമാണ് ഉണ്ടായത്. അതേസമയം സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ മൂന്ന് ലക്ഷം വോട്ടുകളുടെ വ്യത്യാസവും രേഖപ്പെടുത്തി.
തിരഞ്ഞെടുപ്പു കമ്മിഷന്‍ പുറത്തുവിട്ട ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി എന്നീ സ്ഥാപനങ്ങളിലെ വോട്ടുനില കണക്കാക്കുമ്ബോഴാണ് ഇരു മുന്നണികളും തമ്മില്‍ അഞ്ച് ലക്ഷത്തില്‍ പരം വോട്ടുകളുടെ വ്യത്യാസം വരുന്നത്.
മൂന്ന് സ്ഥാപനങ്ങളിലായി എല്‍ഡിഎഫ് 84.48 ലക്ഷം വോട്ടും യുഡിഎഫ് 79.07 ലക്ഷം വോട്ടും നേടിയപ്പോള്‍ എന്‍ഡിഎയ്ക്ക് 31.65 ലക്ഷം വോട്ടാണ് ലഭിച്ചത്. എന്‍ഡിഎയുടെ വോട്ടു വിഹിതം മുഴുവന്‍ ബിജെപിയുടെതാണെന്നതാണ് പ്രധാന വസ്തുത. അതേസമയം മുന്നണി/പാര്‍ട്ടി സ്വതന്ത്രരുടെ വോട്ട് ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല.
മൂന്ന് സ്ഥാപനങ്ങളിലായി സിപിഎം ആകെ 56.28 ലക്ഷം വോട്ടു നേടിയപ്പോള്‍ കോണ്‍ഗ്രസിനു ലഭിച്ചത് 53.27 ലക്ഷം വോട്ടുകളാണ്. മൂന്ന് ലക്ഷം വോട്ടിന്റെ വ്യത്യാസം. എന്‍ഡിഎ ആകെ നേടിയ 31.65 ലക്ഷം വോട്ടുകളില്‍ 31.18 ലക്ഷവും ബിജെപിയുടെ നേട്ടമാണ്. 19.09 ലക്ഷം വോട്ടുകള്‍ നേടിയ മുസ്ലിംലീഗാണ് കോണ്‍ഗ്രസ് കഴിഞ്ഞാല്‍ യുഡിഎഫിലെ ഏറ്റവും കൂടുതല്‍ വോട്ടു നേടിയ പാര്‍ട്ടി.
എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐ 14.59 ലക്ഷം വോട്ടുകള്‍ നേടിയപ്പോള്‍ 5.34 ലക്ഷം കരസ്ഥമാക്കി പുതിയ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം) മൂന്നാം സ്ഥാനത്തെത്തി. യുഡിഎഫില്‍ തുടര്‍ന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് 4.19 ലക്ഷം വോട്ടു ലഭിച്ചു. ആര്‍എസ്‌പിക്ക് 1.71 ലക്ഷം വോട്ടുണ്ട്.എന്‍ഡിഎ മുന്നണിയിലെ ബിഡിജെഎസിന്റെ സംഭാവന 26,336 വോട്ടുകളാണ്.
പഞ്ചായത്തുകളില്‍ സിപിഎമ്മിന് ആകെ ലഭിച്ചത് 47.66 ലക്ഷം വോട്ടാണ്. കോണ്‍ഗ്രസിന് 45.06 ലക്ഷം. ബിജെപിക്ക് 22.39 ലക്ഷം എന്നിങ്ങനെയാണ് കണക്ക്. കോണ്‍ഗ്രസിന്റെ വോട്ടു നിലയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുമ്ബോള്‍ എന്‍ഡിഎയ്ക്ക് ലഭിക്കുന്ന വോട്ടുകളുടെ എണ്ണം സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരികയാണ്.