കാസര്‍ഗോഡ്: ചെങ്കല്ല് കയറ്റി കൊണ്ടുപോവുകയായിരുന്ന നാല് ലോറികള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് കറന്തക്കാട്ട് സംഘര്‍ഷാവസ്ഥ. കുമ്പള ഭാഗത്തുനിന്ന് അടുക്കത്ത് വയലിലേക്ക് ചെങ്കല്ലുമായി പോവുകയായിരുന്ന ലോറികളെയാണ് ഇന്നലെ രാവിലെ തടഞ്ഞത്.
ഇവര്‍ക്ക് ചെങ്കല്ല് കൊണ്ടുപോകുന്നതിനുള്ള ലൈസന്‍സ് ഇല്ലാതിരുന്നതിനാലാണ് ലോറികള്‍ പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള പീഡനത്തിനെതിരേ ആഴ്ചകള്‍ നീണ്ടുനിന്ന സമരം അവസാനിച്ച് ദിവസങ്ങള്‍ക്കകം വീണ്ടും ഉദ്യോഗസ്ഥര്‍ ദ്രോഹനടപടികള്‍ തുടങ്ങിയിരിക്കുകയാണെന്ന് ചെങ്കല്‍ ക്വാറി അസോസിയേഷന് ഏരിയാ സെക്രട്ടറി ഹുസൈന് ബേര്‍ക്ക പറഞ്ഞു.
ലൈസന്‍സ് എടുക്കുന്നതിനും പുതുക്കുന്നതിനുമായി നിരവധി വട്ടം ഉദ്യോഗസ്ഥരെ സമീപിച്ചിട്ടും സാങ്കേതിക പ്രശ്നങ്ങള്‍ മൂലം അത് അനുവദിക്കാതെ ക്വാറി നടത്തിപ്പുകാരെയും തൊഴിലാളികളെയും ഉപദ്രവിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.