കുടുങ്ങിയ കമ്പിയുമായി ലോറി മുന്നോട്ട് നീങ്ങി: വൈദ്യുതി പോസ്റ്റ് തകർന്നു വീണ് ലൈൻമാൻ മരണപ്പെട്ടു

 മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കമ്പി ലോറിയില്‍ കുടുങ്ങി വൈദ്യുതിതൂണ്‍ തകര്‍ന്നുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു. മഞ്ചേശ്വരം വൈദ്യുതി ഓഫീസിലെ താത്ക്കാലിക ജീവനക്കാരന്‍ മുള്ളേരിയ തോട്ടത്തുമൂലയിലെ ഉദയന്‍(45) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3.30 മണിയോടെ മഞ്ചേശ്വരം മജ്ബയല്‍ മൂടവയലിലാണ് സംഭവം. ഉദയന്‍ മൂടവയലിലെ ഇലക്ട്രിക് തൂണില്‍ കയറി വൈദ്യുതി കമ്പി വലിക്കുന്നതിനിടെ കമ്പി അതുവഴി വന്ന ലോറിയില്‍ കുടുങ്ങുകയായിരുന്നു. ലോറി കമ്പിയുമായി മുന്നോട്ടുപോകുന്നതിനിടെ വൈദ്യുതി തൂണ്‍ തകര്‍ന്നുവീണു. റോഡിലേക്ക് തെറിച്ചുവീണ ഉദയന്‍ തല്‍ക്ഷണം മരണപ്പെടുകയാണുണ്ടായത്. അപകടം വരുത്തിയ ലോറി 200 മീറ്റര്‍ ദൂരം പോയി നിന്നു. വൈദ്യുതികമ്പി വലിക്കുന്ന ജോലി നടക്കുകയാണെന്നും അപകടസാധ്യതയുണ്ടെന്നും ലോറി ഡ്രൈവറെ നാട്ടുകാരായ ചിലര്‍ അറിയിച്ചിരുന്നു. ഇത് അവഗണിച്ച് ലോറി മുന്നോട്ടുപോകുകയായിരുന്നുവെന്ന് പറയുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today